“വനിതാ പ്രവർത്തകരുടെ മുന്നേറ്റം ചരിത്രത്തിൽ ഇടം പിടിക്കും” – അഡ്വ. അബ്ദുൽ കരീം ചേലേരി
കണ്ണൂർ ∙ പൊതുപ്രവർത്തന രംഗത്ത് കരുത്തും ആത്മധൈര്യവും കൈമുതലാക്കി ജനസേവനത്തിലേക്ക് രംഗത്തിറങ്ങിയ വനിതകൾ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്ത ഘട്ടത്തിൽ മുസ്ലിം ലീഗിന് പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് കരുതിയവരുടെ മുമ്പിൽ, കഴിവും പ്രാപ്തിയും നിറഞ്ഞ സ്ത്രീകളുടെ വലിയ മുന്നേറ്റമാണ് മുസ്ലിം ലീഗ് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുരുഷ മേധാവിത്വമുള്ള സമൂഹത്തിൽ വൻ പ്രവർത്തനങ്ങളും സേവനങ്ങളും നടത്തി ചരിത്രത്തിൽ ഇടം നേടിയ വനിതാ പൊതുപ്രവർത്തകർ ഭാവിയിലും നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി സജീവമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ, വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന “വിഷൻ 2025 – ജനപ്രതിനിധി സംഗമം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് സി. സീനത്ത് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി. സാജിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
പ്രസംഗിച്ചവർ:
റൈഹാനത്ത് സുബി, റംസീന റൗഫ്, എം.കെ. ഷബിത ടീച്ചർ, എസ്.പി. സൈനബ, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെക്കീന തെക്കയിൽ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ഷമീമ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ.
ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽ സ്വാഗതം പറഞ്ഞു.
🟢 കണ്ണൂർ വാർത്തകൾ – നാടിൻറെ ശബ്ദം, വിശ്വാസമുള്ള വാർത്തകൾ.
