കൈതപ്രത്തെ രാധാകൃഷ്‌ണൻ വധം ; ഭാര്യ അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ ഗുഡ്സ് ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ മിനി നമ്പ്യാർ (46) അറസ്റ്റിൽ.
മിനിയും ബിജെപി പ്രവർത്തകയാണ്. രാധാകൃഷ്ണനെ വധിക്കാൻ ഒന്നാംപ്രതി എൻ.കെ. സന്തോഷിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി കേസെടുത്ത് ഇവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പരിയാരം ഇൻസ്‌പെക്ടർ എം.പി. വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
മാർച്ച് 20-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാധാകൃഷ്ണൻ കൈതപ്രത്ത് പണിയുന്ന വീടിനുള്ളിൽ പെരുമ്പടവിലെ എൻ.കെ. സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. റിമാൻഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോൺവിളികൾ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു. ഒന്നാം പ്രതി സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് തോക്ക് നൽകിയതിന് സിജോ ജോസ് എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു.