1, 35, 62,500 രൂപ വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്
പയ്യന്നൂർ: വിദേശത്ത് അപ്പാർട്ട്മെൻ്റ് പ്രൊജക്ടിന് മാനേജ് ചെയ്യാൻ ഫെസിലിറ്റി മാനേജ്മെൻ്റ് ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാൽ കോടി രൂപയിലധികംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ അന്നൂർ സ്വദേശി പ്രകാശ് രാമനാഥ് വണ്ണാടിലിൻ്റെ പരാതിയിലാണ് തിരുവനന്തപുരം വെഞ്ഞാറംമൂട് വലിയ കട്ടക്കൽ സ്വദേശി കെ.എം.ഹമീംമുഹമ്മദ് ഷാഫി (42), കണ്ണൂർ കടമ്പൂർ സ്വദേശി സാഷിദ നിവാസിൽ ആവിക്കൽ സുധീഷ് (44) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2010 ഒക്ടോബർ 4 മുതൽ 2019 ജൂൺ 23 വരെയുള്ള കാലയളവിലാണ് സംഭവം. തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമ്മാണ കമ്പനിയുടെ ദോഹയിലെ അപ്പാർട്ട്മെൻ്റ് പ്രൊജക്ടിന് ഫെസിലിറ്റി മാനേജ് ചെയ്യാൻ ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനി ആവശ്യമുണ്ടെന്ന് പറഞ്ഞ് ഫെസിലിറ്റി മാനേജ്മെൻ്റ് ശരിയാക്കി തരാമെന്നും ബ്രാൻ്റ് അംബാസിഡറായി ക്രിസ്താനോ റൊണാൾഡോയെ ഏർപ്പാടാക്കി തരാമെന്ന്
വിശ്വസിപ്പിച്ച് പരാതിക്കാരനെയും പാർട്ണറെയും റൊണാൾഡോയുടെ മാനേജറുടെ പേരിൽ വ്യാജ കത്തുകൾ നിർമ്മിച്ചു കൈമാറിയും ഇക്കാലയളവിൽ രണ്ടാം പ്രതിക്ക് പയ്യന്നൂരിലെ കെ.കെ. റസിഡൻസിയിൽ വെച്ച് കൈമാറിയ രണ്ടു ലക്ഷം രൂപ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വെച്ച് നൽകിയ 1, 35, 62,500 രൂപ കൈപ്പറ്റി സേവനങ്ങൾ നൽകാതെയും വാങ്ങിയ പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
