സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യത്തോടുള്ള വെല്ലുവിളി – വിസ്ഡം
പയ്യന്നൂർ : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പയ്യന്നൂർ മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു
കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷനാണ് മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്
പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കി പൗരത്വ രജിസ്റ്റർ മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നത്
ജനാധിപത്യ മാർഗങ്ങളിലൂടെയും, വിവിധ രേഖകളുടെയും അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ പതിറ്റാണ്ടുകളായി ഉള്ള പൗരന്മാരെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന പ്രക്രിയയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്നത്
എസ് ഐ ആറിൻ്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൂടി എസ് ഐ ആർ നടപ്പിലാക്കാനുള്ള നീക്കം ആശങ്കകൾ ശക്തമാക്കുകയാണ്
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇപ്പോഴത്തെ നീക്കങ്ങൾ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താനും, തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കാനും ഇടയാക്കുമെന്ന് മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് യു മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഹൗസ് സംബന്ധമായ ചർച്ചകൾക്ക് വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിസ്ഡം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. മേമി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ടി.കെ ഉബൈദ്, മണ്ഡലം സെക്രട്ടറി കാത്തിം രാമന്തളി ,വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് അബ്ബാസ് ഹാമിദ് സെക്രട്ടറി തുഫൈൽ ഇരിട്ടി, സ്റ്റുഡൻ്റ്സ് പ്രിസൈഡിംഗ് ഓഫീസർ മുക്താർ അബ്ദുൽ ഖാദിർ എന്നിവർ സംസാരിച്ചു.
