യുവാവിനെ വധിക്കാൻ ശ്രമം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ. യുവാവിനെ വിരോധം വെച്ച് തടഞ്ഞു നിർത്തി കല്ലുകൊണ്ട് കുത്തി അപായപ്പെടുത്താൻ ശ്രമം പരാതിയിൽ പ്രതി അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ കൊറ്റാളിഎടച്ചേരിയിലെ ഉഷസിൽ ഷൈജിത്തിനെ (49) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തത്.
കൊറ്റാളി എടച്ചേരിയിലെ ഹർഷനിവാസിൽ എ. ഹർഷയുടെ പരാതിയിലാണ് അയൽവാസിയായ പ്രതിക്കെതിരെ കേസെടുത്തിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് എടച്ചേരി ഒറ്റപീടികയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരിയുടെ സഹോദരൻ എ. അജേഷിനെ (35) യാണ് അയൽവാസിയായ പ്രതി ആക്രമിച്ചത്. പ്രതിയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടുവെന്ന് പ്രതിയുടെഭാര്യയോട് പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി കല്ലുകൊണ്ട് മുഖത്ത് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു വെന്ന പരാതിയിലാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
