September 16, 2025

ലോക മലമ്പനി ദിനാചാരണം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണം നടത്തി 

img_5398-1.jpg

കണ്ണൂർ: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.  ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ.സി സച്ചിന്‍ അധ്യക്ഷനായി.  സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്  കെ വേണു മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി.കെ അനില്‍കുമാര്‍ ദിനചാരണ സന്ദേശം നല്‍കി. ‘മലമ്പനി നിവാരണം യാഥാര്‍ഥ്യമാക്കാം പുനര്‍നിക്ഷേപിക്കാം പുനര്‍ വിചിന്തനം നടത്താം പുനരുജ്ജ്വലിപ്പിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിന സന്ദേശം. പരിപാടിയോടനുബന്ധിച്ച് ജയില്‍ അന്തേവാസികള്‍ക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പി റിജേഷ് മലേറിയ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി. തുടര്‍ന്ന് അന്തേവാസികളില്‍ മലേറിയ പരിശോധനയും നടത്തി. 2027 അവസാനത്തോടെ കണ്ണൂര്‍ ജില്ലയെ മലമ്പനി നിവാരണ ജില്ലയായി പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ജില്ലയില്‍ ഈ വര്‍ഷം 16 മലേറിയ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പത്ത് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയിലും ആറു കേസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തിയ മലയാളികളിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2024- 25 വര്‍ഷം നാല് തദ്ദേശീയ മലമ്പനി കേസുകള്‍ ഉള്‍പ്പെടെ 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്്. ഈ വര്‍ഷം കേസുകള്‍ കൂടുതലും ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ നിന്നും വന്നവരിലാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് സര്‍വെ പ്രകാരം കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള നഗര മേഖലയിലും മലയോര പ്രദേശം ഉള്‍പ്പെടുന്ന മറ്റ് പഞ്ചായത്തുകളിലും മലമ്പനി രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം ജില്ലയിലെ മലേറിയ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുടെ മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘മഴയെത്തും മുമ്പേ മാറ്റാം മാലിന്യം, കാക്കാം ആരോഗ്യം’ എന്ന ജില്ലയില്‍ മഴക്കാല രോഗപ്രതിരോധ ക്യാമ്പയിനും നടന്നുവരുന്നുണ്ട്.

ജില്ലാ വി ബി ഡി കണ്‍ട്രോള്‍ ഓഫീസ് ഡോ. കെ കെ ഷിനി, ബയോളജിസ്റ്റ്  സി പി രമേശന്‍, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ഗിരീഷ് കുമാര്‍, സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ രാജേഷ്‌കുമാര്‍, സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷിക്ക് ചന്ദ്ര, ഡി.വി.സി യൂണിറ്റ് ബയോളജിസ്റ്റ് സി പി രമേശന്‍, ജയില്‍ ഓഫീസേഴ്സ് സംഘടനാ പ്രതിനിധികളായ കെ കെ ബൈജു, കെ അജിത്, ജയില്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger