നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദ്യദിനം മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ചതിനുശേഷമാണ് സഭാ പ്രവർത്തനങ്ങൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിലെ ക്രൂരമർദന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവവും, ഡോ. ഹാരിസ് ചിറക്കലിയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള ആരോഗ്യ മേഖലയിൽ ‘സിസ്റ്റ’യിലെ പാളിച്ചകളും, സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ മൂലമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും പ്രതിപക്ഷം സഭയിൽ ശക്തമായി ഉയർത്തുമെന്നാണ് സൂചന. ഭരണപക്ഷവും തിരിച്ചടിക്ക് ഒരുക്കം തുടങ്ങിയതിനാൽ സഭാ പ്രവർത്തനങ്ങൾ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 10 വരെയുള്ള മൂന്നു ഘട്ടങ്ങളിലായി 12 ദിവസമാണ് ഇത്തവണത്തെ സമ്മേളനം. സെപ്റ്റംബർ 15 മുതൽ 19 വരെ, 29, 30 തീയതികളിൽ, ഒക്ടോബർ 6 മുതൽ 10 വരെ സഭ ചേരും. നിയമനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സമ്മേളനത്തിന്റെ മുഴുവൻ ദിവസങ്ങളും വിനിയോഗിക്കപ്പെടുക. ഒമ്പത് ദിവസങ്ങളിൽ ബില്ലുകൾ പരിഗണിക്കും. നിലവിൽ നാലു ബില്ലുകൾ പരിഗണനയ്ക്കുണ്ടെന്നും, 13 ബില്ലുകൾ കൂടി സഭയുടെ പരിഗണനയ്ക്ക് വരുമെന്നും സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിന് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കുമെന്ന് സ്പീക്കർ അറിയിച്ചു. പ്രതിപക്ഷ നിരയിലെ അവസാന എം.എൽ.എയ്ക്കുശേഷമായിരിക്കും അദ്ദേഹത്തിന്റെ ഇരിപ്പിടം ക്രമീകരിക്കുക.