പെട്രോൾ പമ്പിൽ കാറിടിച്ച് സ്‌കൂട്ടർയാത്രക്കാരിക്ക് പരിക്ക്

കണ്ണൂർ: തളാപ്പ് എൻകെബിടി പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ബെൻസ് കാർ നിയന്ത്രണം തെറ്റി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി **റെജിന (36)**യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.10-നാണ് സംഭവം. വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിന് കാരണമായത്. യുവതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ എതിർവശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്.
പമ്പിലെ ഇന്ധനം നിറക്കുന്ന മെഷീനിൽ കാർ ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. എന്നാൽ, കാറിന്റെ ആഘാതത്തിൽ പെട്രോൾ പമ്പിലെ ഇന്ധന നോസിൽ തട്ടി ഇളകി വീണു.