കലയുടെ ഉത്സവം ഒരുക്കി ടൂറിസം ഓണാഘോഷം സമാപിച്ചു

കണ്ണൂർ നഗരത്തിൽ ഒരാഴ്ചക്കാലം കലയുടെ ഉത്സവം തീർത്ത ടൂറിസം ഓണാഘോഷത്തിന് ഉജ്ജല പരിസമാപ്തി. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന സംഘടിപ്പിച്ച ഓണാഘോഷം ടൗൺ സ്ക്വയറിലെ കലാപരിപാടിയോടെ സമാപിച്ചു. സമാപന സമ്മേളനം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, എം. പ്രകാശൻ, റഷീദ് കവ്വായി, കെ. കമലാക്ഷൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി പി.കെ സൂരജ് സംസാരിച്ചു. തുടർന്ന് കേരള മഹിള സമഖ്യയുടെ വിവിധ കലാരൂപങ്ങൾ അരങ്ങേറി. സിനിമ താരം സരയുവിന്റെ നേതൃത്വത്തിൽ ഡാൻസ് നൈറ്റും നടന്നു. കണ്ണൂർ സലീമിന്റെ മക്കളായ സലീം ഫാമിലി സംഘടിപ്പിച്ച മ്യൂസിക്കൽ ഷോയായ ഓണനിലാവോടെയാണ് ഓണാഘോഷ പരിപാടി സമാപിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾക്ക് പുറമെ തിരുവാതിര കളി മൽസരം, പ്രദർശന വടം വലി മത്സരം, കണ്ണൂർ നഗരത്തിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പൂക്കള മത്സരം എന്നിവ നടന്നിരുന്നു. വിജയികൾക്കുള്ള ഉപഹാരവും സമാപന വേദിയിൽ കൈമാറി.