പലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: പലസ്‌തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്‌പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം.
കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.