കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വീട്ടില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതി അനുപ് മാലിക് പോലീസ് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് ഇയാൾ പിടിയിലായത്. ഒളിവില്‍ പോയി ജാമ്യം നേടാനായിരുന്നു ഇയാളുടെ ശ്രമം. അതിന് മുന്‍പേ പോലീസ് പിടികൂടുകയായിരുന്നു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലും പ്രതിയാണ് അനൂപ് മാലിക്.
ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് സ്‌ഫോടനത്തില്‍ മരിച്ചത്. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വന്‍ സ്ഫോടനമുണ്ടായത്. പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം. ഈ വീട് വാടകയ്‌ക്കെടുത്തത് അനൂപ് മാലികാണ്.
സ്ഫോടനത്തില്‍ ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളിലെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. ചിന്നിച്ചിതറിയനിലയിലാണ് സംഭവസ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.