ആറളം ഫാം പുനരധിവാസ മേഖലയിൽ ആനയുടെ അസ്ഥികൂടം; കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആനയുടെ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തി. അതിന്റെ 100 മീറ്റർ മാറി മൂന്നുവയസ്സു തോന്നിക്കുന്ന കുട്ടിയാനയെ അവശനിലയിൽ വനപാലക സംഘം കണ്ടെത്തി.
ബ്ലോക്ക് 10 കോട്ടാപ്പാറ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയായിരുന്നു കണ്ടെത്തൽ. ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നിർദേശപ്രകാരം കുട്ടിയാനയ്ക്ക് ചികിത്സ ആരംഭിച്ചു.
ആനയുടെ അസ്ഥികൂടം ചിതറിക്കിടക്കുന്നതിനാൽ കടുവ പോലുള്ള വന്യജീവി ഇരയാക്കിയതാകാമെന്ന് വനംവകുപ്പ് സംശയിക്കുന്നു. എന്നാൽ കുട്ടിയാനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
കുട്ടിയാനയ്ക്ക് ആവശ്യമായ പരിചരണം നൽകിയതായും, വിദഗ്‌ധ ചികിത്സ നൽകുന്നതിനായി വയനാട്ടിൽ നിന്ന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആറളത്തെത്തുമെന്നും അധികൃതർ അറിയിച്ചു.
രണ്ടുമാസം മുൻപ് ആറളത്തുവെച്ച് മറ്റൊരു കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്നരവർഷത്തിനിടെ ആറളം ഫാമിൽ ഒമ്പത് ആനകളാണ് ചരിഞ്ഞത്. വന്യജീവി ഇരയായി കണ്ടെത്തുന്നത് ഇതാദ്യമാണ്.