September 17, 2025

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ജില്ലാ സെഷൻസിലേക്ക് മാറ്റി

img_9549.jpg

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മേൽ കോടതിയിലേക്ക് മാറ്റി. കേസിന്റെ തുടർ നടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്കാണ് മാറ്റിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് ദിവ്യയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുഹമ്മദലി ഷഹഷാദ് ആണ് ഇന്ന് കേസിൽ വിധി പറഞ്ഞത്. തുടരന്വേഷണം വേണമോയെന്നുള്ള കാര്യത്തിൽ മേൽ കോടതി തീരുമാനമെടുക്കും.

അന്വേഷണം പൂർണ്ണമല്ലെന്നും ഇവരുടെ ഫോൺ കോൾ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം കോടതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്നും തുടർ അന്വേഷണ ഹർജി നിലനിൽക്കില്ലെന്നുമുള്ള വാദമാണ് ദിവ്യയുടെ അഭിഭാഷകൻ ഉന്നയിച്ചത്.

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹർജി. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റം തെളിയിക്കാൻ ആവശ്യമായ രേഖകൾ മറച്ചുവെച്ചുവെന്നും നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ഇക്കാര്യത്തെപ്പറ്റി എസ്ഐടി പ്രത്യേക അന്വേഷണം നടത്തിയില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ല. നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ലെന്നും മൊഴികൾ അവഗണിച്ചതിലൂടെ അന്വേഷണം എസ്ഐടി അട്ടിമറിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

പ്രശാന്തന്റെ സ്വത്തും സ്വർണ്ണപ്പണയവും വിശദീകരിക്കുന്ന മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ഹർജിയിലെ മറ്റൊരു ആരോപണം. സ്വർണ്ണപ്പണയം കൈക്കൂലി നൽകാനെന്ന മൊഴി എസ്ഐടിയെ വഴിതെറ്റിക്കാനാണ്. പ്രശാന്തന്റെ മൊഴിയിലെ വൈരുദ്ധ്യം തെളിയിക്കാൻ എസ്ഐടി ബാങ്ക് അക്കൗണ്ട് രേഖകൾ കണ്ടെത്തിയില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തൻ നൽകിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷൻ മറച്ചുപിടിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തുവെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞില്ലെന്നും ആരോപണമുണ്ട്. സമ്പൂർണ്ണ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. കേസിൽ പ്രതിഭാഗത്തെ സഹായിക്കാനാണ് വിജിലൻസ് വകുപ്പ് ഇടപെട്ടതെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു.

ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger