റോഡുകൾ അറ്റകുറ്റപ്പണി നടത്താതെ പോയാൽ ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ്

കണ്ണൂർ: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പുമായി രംഗത്തെത്തി. ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് അസോസിയേഷൻ യോഗം തീരുമാനിച്ചു.
റോഡുകളുടെ തകർച്ച മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി ദിവസേന ഒന്നോ രണ്ടോ ട്രിപ്പുകൾ നഷ്ടപ്പെടുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. കൂടാതെ, ബസ് സ്റ്റാൻഡുകളിൽ പ്രവേശനം വൈകുന്നതിനെ തുടർന്ന് യാത്രക്കാരും തൊഴിലാളികളും തമ്മിൽ ദിവസേന സംഘർഷമുണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും അവർ അറിയിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി രാവിലെ 8.30 മുതൽ 11.30 വരെയും വൈകുന്നേരം 4 മുതൽ 6.30 വരെയും കണ്ണൂർ, തലശേരി, തളിപ്പറമ്പ്, പയ്യന്നൂർ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ച് പൊതുഗതാഗത വാഹനങ്ങൾക്ക് മാത്രം അനുവാദം നൽകണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, പി. രാജൻ, കെ.പി. മുരളീധരൻ, കെ. വിജയമോഹൻ, കെ.പി. മോഹനൻ, എം.ഒ. രാജേഷൻ എന്നിവർ പ്രസംഗിച്ചു.