നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ സൈ്വരജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തിൽ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളാ പോലീസിന്റെ, കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ആകെ സ്ഥിതി പരിശോധിച്ചാൽ എല്ലാ അർത്ഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ അന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന് രാഷ്ട്രീയത്തിന്റെ നിറം മാത്രമല്ല, പലപ്പോഴും മതത്തിന്റെ നിറം കൂടിയുണ്ട്. ഇനിയുള്ള നാളുകളിൽ ഇതിന്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നത്. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ വരുന്ന പഴയ സങ്കൽപ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ കസേരയുണ്ട്, സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് പുതുതായി നിർമ്മിക്കുന്ന എല്ലാ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഇന്ന് ധാരാളമായി നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്. ഇതൊക്കെ പോലീസിന്റെ കാര്യക്ഷമത വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സാങ്കേതികമേഖലയിൽ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ നമുക്കു സാധിക്കുന്നുണ്ട്. ഇത്തരം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചുവെന്നതാണ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മർദ്ദമോ ഇല്ല. സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യുന്നതിനും, വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സോഷ്യൽ പോലീസിംഗ് സംവിധാനം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതൽക്കൂട്ടായി 13 പദ്ധതികൾ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കണ്ണൂരിൽ 10.17 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പോലീസ് പരേഡ് ഗ്രൗണ്ടിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ച ഇൻഡോർ സ്‌പോർട്‌സ് സെന്റർ കം ഹാൾ, ഇടുക്കി ജില്ലയിലെ വാഗമൺ, തങ്കമണി പോലീസ് സ്റ്റേഷൻ, ഇടുക്കി കൺട്രോൾ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, കാസർകോട് ജില്ലയിലെ മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷൻ ഓഫീസ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചിറ്റൂർ പോലീസ് സ്റ്റേഷനുകൾ, എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കോസ്റ്റൽ പോലീസിനുവേണ്ടി നിർമ്മിച്ച ബോട്ടുജെട്ടി എന്നിവ ഇതിൽ ഉൾപ്പെടും. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്‌റ്റേഷൻ, കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാർട്ടേഴ്‌സുകൾ, പാലക്കാട് കൊപ്പം, കോട്ടയം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ജില്ലയുടെ കായികപ്പെരുമയ്ക്ക് മാറ്റുകൂടും
പോലീസ് പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് കം ഫുട്‌ബോൾ കോർട്ടാണ് ജില്ലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാനപ്പെട്ട പദ്ധതി. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടന്നുവരുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലെ അത്ലറ്റിക്സ് താരങ്ങളും ഫുട്ബോൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്‌കൂൾ, കോളജ് കായികമത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. അവിടെയാണ് ലോകോത്തര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കും പുൽത്തകിടിയും യാഥാർഥ്യമായിട്ടുള്ളത്. ജില്ലയുടെ കായികപ്പെരുമയ്ക്ക് മാറ്റുകൂട്ടാൻ ഇത് ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 7.56 കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇവിടെത്തന്നെ 1.42 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. എല്ലാത്തരം ഇൻഡോർ കായിക വിനോദങ്ങൾക്കും സഹായകരമാകും വിധമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥർ, യുവാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 1.19 കോടി രൂപ ചെലവിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൾ പോലീസിന്റെ വിവിധ പരിശീലന പരിപാടികൾക്കും മീറ്റിംഗുകൾക്കും ഉപകാരപ്രദമായ നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിന് മുന്നോടിയായി കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്കിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. തുടർന്ന് സിന്തറ്റിക് ട്രാക്കിലെ ആദ്യ മത്സരം 4X100 മീറ്റർ റിലേ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം.എൽ.എമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ്, നോർത്ത് സോൺ ഐജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ സംസാരിച്ചു.






