കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണു പരിക്കേറ്റ വ്യാപാരി മരിച്ചു; കരാറുകാരൻ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കരാറുകാരൻ തള്ളി താഴേയിട്ടു വെന്ന ആരോപണമുള്ള ഫാബ്രിക്കേഷൻ കട ഉടമ മരണപ്പെട്ടു.ബെള്ളിക്കോത്ത് പെരളത്തെ റോയ് ഏഴുപ്ലാക്കിലാണ് (49) മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂരിലെ കരാറുകാരൻ നരേന്ദ്രനെ (50) ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നാം തീയതിഞായറാഴ്ച ഉച്ചയോടെയാണ് റോയിക്ക് മാവുങ്കാൽ മൂലക്കണ്ടത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റത്. സംസാരത്തിനിടെ വാക്ക് തർക്കമായതോടെ കരാറുകാരൻ തള്ളി താഴേയിട്ടു വെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടയിൽ ഇന്നു പുലർച്ചെയാണ് റോയി മരിച്ചത്. മടിയനിലെ അലുമിനിയം ഫാബ്രിക്കേഷൻ മൊത്ത വ്യാപാര സ്ഥാപനമായ ആർജെ ഫാബ്രിക്കേഷൻ ഉടമയായിരുന്നു റോയ്.ഭാര്യ: ജിൻസി.ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നിർദേശപ്രകാരം മംഗലാപുരത്തെ ആശുപത്രിയിലെത്തിയ എസ്.ഐ.എ.ആർ.ശാർങധരനും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
