ഒന്നരവയസ്സുകാരനെ കടലിൽ എറിഞ്ഞുകൊന്ന കേസ്: വിചാരണ തുടങ്ങി

തളിപ്പറമ്പ്: വാരം സ്വദേശി കെ. പ്രണവിൻ്റെ ഒന്നരവയസ്സുള്ള മകൻ വിയാനെ കടലിൽ എറിഞ്ഞുകൊന്ന കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു.
കേസിലെ പ്രതികൾ:
• ശരണ്യ വത്സരാജ് – കുട്ടിയുടെ അമ്മ
• പി. നിധിൻ – വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ താമസക്കാരൻ
അഡീഷണൽ ജില്ലാ ജഡ്ജിയായ കെ.എൻ. പ്രശാന്ത്ന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച മൂന്നു സാക്ഷികളെ വിസ്തരിച്ചു.
• പരാതിക്കാരനായ പിതാവ് പ്രണവ്,
• അയൽവാസിയായ അർഷിദാസ്,
• മറ്റൊരു സാക്ഷിയായ വി. രാജേഷ് എന്നിവരാണ് വിസ്തരിച്ചത്.
വിചാരണ വ്യാഴാഴ്ചയും തുടരും.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ കോടതിയിൽ ഹാജരായി.
2020 ഫെബ്രുവരി 17-ന് പുലർച്ചെയാണ് കുട്ടിയെ കാണാതായത്. ഒന്നാം പ്രതി ശരണ്യയുടെ കണ്ണൂർ തയ്യിലിലെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ കടപ്പുറത്ത് ഭിത്തി കെട്ടിയ കല്ലുകൾക്കിടയിൽ രാവിലെ മരിച്ച നിലയിലാണ് കണ്ടത്. പോലീസ് അന്വേഷണത്തിൽ
കുട്ടിയുടെ അമ്മ ശരണ്യ കടലിൽ എറിഞ്ഞുകൊന്നതായാണ് കേസ്. സുഹൃത്ത് നിധിനുമൊന്നിച്ച് ജീവിക്കാൻ കുട്ടിയെ കൊന്നതായാണ് കുറ്റപത്രത്തിലുള്ളത്. ഭർത്താവും കുഞ്ഞും ഉറങ്ങുന്ന ഹാളിൽനിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിൽ കയറിനിന്ന് കടലിലെറിഞ്ഞുകൊല്ലുകയായിരുന്നു.






