ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി ആയിരങ്ങൾ

കണ്ണൂർ: കർക്കടക വാവ് ദിനമായ ഇന്ന് (ജൂലൈ 24) സംസ്ഥാനമാകെ വിശ്വാസികൾ പിതൃസ്മരണയിൽ മുങ്ങി. ഉഷസ്സോടെ തുടങ്ങുന്ന ബലിതർപ്പണ കർമങ്ങൾ തിരുവനന്തപുരത്തെ തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിലും വർക്കല പാപനാശം ബീച്ചിലും ആലുവ മണപ്പുറത്തും കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും വയനാട് തിരുനെല്ലി ക്ഷേത്രത്തിലും അടക്കം വലിയ ജനസാന്ദ്രതയോടെയാണ് നടന്നത്.
പ്രത്യേകമായി കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും രാവിലെ മുതൽ ഭക്തജനങ്ങൾക്കായുള്ള ബലി കർമങ്ങൾക്കായി സജ്ജമായിരുന്നു.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 2.30 മുതൽ തുടക്കമായി.മേൽ ശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഓരേസമയം 500 പേർക്ക് നിന്ന് തൊഴാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.
അയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതർപ്പണത്തിന് യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.മൺമറഞ്ഞ പൂർവികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികർമം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.







