പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂത്തുപറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ കുട്ടിയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെയാണ് ഒരു രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുന്നത്. നമ്മുടെ സ്‌കൂളുകളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറി എന്നിവയെല്ലാം കുട്ടികൾക്ക് മികച്ച പഠനസൗകര്യം സൃഷ്ടിക്കും. ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പഠന മികവിനൊപ്പം നല്ല വ്യക്തിത്വമുള്ളവരായി വളരാൻ വിദ്യാർഥികൾ ശ്രമിക്കണം. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിച്ച് ആവശ്യമായ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി ബിൽഡിങ്സ് തലശ്ശേരി ഡിവിഷൻ അസി. എഞ്ചിനീയർ ഒ.പി രാജിമ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.പി.സി കേഡറ്റ് തേജസ്വിനി വരച്ച മന്ത്രിയുടെ ചിത്രം വേദിയിൽവെച്ച് മന്ത്രിക്ക് കൈമാറി. കൂത്തുപറമ്പ് മുൻസിപ്പൽ ചെയർ പേഴ്സൺ വി. സുജാത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിജി സജേഷ്, കെ.വി രജീഷ്, കെ.അജിത, കെ.കെ. ഷമീർ, എം.വി ശ്രീജ, വാർഡ് കൗൺസിലർ ബിപി റസിയ, പ്രിൻസിപ്പൽ പി. ശ്യാംലാൽ, പ്രഥമ അധ്യാപിക പ്രമീള, ഡി.പി.സി എൻ.സതീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി.എം. മധുസൂദനൻ, മദർ പി.ടി.എ പ്രസിഡന്റ് ബിജിമോൾ, പൊതുപ്രവർത്തകരായ കെ ധനഞ്ജയൻ, എൻ. ധനജ്ഞയൻ, വി.ബി. അഷറഫ്, അഷ്‌റഫ് ഹാജി, ഷംജിത്ത് പാട്യം, കെ.ടി.മുസ്തഫ ഹാജി, സ്റ്റാഫ് സെക്രട്ടറി രൺദീപ് എന്നിവർ സംസാരിച്ചു.