LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

24 മണിക്കൂറിനിടെ കണ്ണൂർ ജില്ലയിൽ പെയ്‌തത്‌ ശരാശരി 68.6 മില്ലിമീറ്റർ മഴ

img_1805-1.jpg
Spread the love

കണ്ണൂർ ജില്ലയിൽ ഇന്നും (16) റെഡ് അലർട്ട്. സ്കൂ‌ളുകൾ, അങ്കണവാടികൾ, മതപഠന സ്‌ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കോളജുകൾ പ്രവർത്തിക്കും. പെരുമ്പ നദീതീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശനി ഉച്ചയ്ക്ക് 2 മുതൽ ഞായർ ഉച്ചയ്ക്ക് 2 വരെയുള്ള 24 മണിക്കൂറിനിടെ ജില്ലയിൽ പെയ്തത് ശരാശരി 68.6 മില്ലിമീറ്റർ മഴയാണ്. ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.

ചെറുപുഴ

മഴ കനത്തതോടെ മലയോരമേഖലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് ഉയർന്നു. തേജസ്വിനിപ്പുഴയിലും തിരുമേനിപ്പുഴയിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. തിരുമേനിപ്പുഴ കരകവിഞ്ഞതിനെത്തുടർന്നു മുളപ്ര തടയണയുടെ മുകളിലൂടെ വെള്ളമൊഴുകാൻ തുടങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

തലശ്ശേരി

കനത്തമഴയിൽ തലശ്ശേരിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മഞ്ഞോടി, കുയ്യലി, ടിസി മുക്ക് ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി.

ഉദയഗിരി

പഞ്ചായത്തിലെ കോളിയിലെ മൂരിയത്ത് സതീഷിന്റെ വീട്ടുമുറ്റമിടിഞ്ഞു വീട് അപകടഭീഷണിയിലായി. തോണ്ടിക്കുഴിയിൽ മരംവീണു വൈദ്യുതത്തുൺ തകർന്നു. പുതുശ്ശേരി ലളിതയുടെ ഒട്ടേറെ കമുകുകൾ ഒടിഞ്ഞു വീണു. പൂവഞ്ചാലിൽ മരമൊടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. ചുള്ളിപ്പള്ളയിലും മുട്ടത്താംവയലിലും മരങ്ങൾ വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണു.

വിമാന സർവീസുകൾ വൈകി

കനത്ത മഴയെത്തുടർന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിവിധ വിമാന സർവീസുകൾ വൈകി. വെളുപ്പിനെ മുതൽ വിമാനത്താവള പ്രദേശത്തു പെയ്‌ത കനത്ത മഴ വിമാനങ്ങൾ റൺവേയിലേക്ക് ഇറങ്ങുന്നതിനും പറന്നുയരുന്നതിനും പ്രയാസമുണ്ടാക്കി. ഒട്ടുമിക്ക സർവീസുകളും ഷെഡ്യൂൾ ചെയ്ത്‌ സമയത്തിനു ശേഷമാണു സർവീസ് നടത്തിയത്. ഇൻഡിഗോയുടെ മുംബൈ, ബെംഗളുരു, കൊച്ചി, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മുംബൈ, മസ്ക‌ത്ത്, അബുദാബി സർവീസുകളുടെ ഡിപ്പാർച്ചർ വൈകി. തിരിച്ചുള്ള സർവീസുകളും വൈകി.

ചാല വയൽ പ്രദേശംവെള്ളത്തിനടിയിൽ

തോട് കരകവിഞ്ഞൊഴുകി ചാല വയൽ പ്രദേശം വെള്ളത്തിനടിയിലായി. കനത്ത മഴ തുടരുന്നതിനാൽ വയലരികിലെ വീടുകളിൽനിന്ന് ഏതുസമയവും മാറിത്താമസിക്കാനുള്ള തയാറെടുപ്പിലാണു കുടുംബങ്ങൾ. ചാല കിഴക്കേക്കര വയൽ മേഖലയിലെ എല്ലാ വീടുകളും മുറ്റം വരെ വെള്ളമെത്തി. നടപ്പാതകളും റോഡുകളും വെള്ളത്തിനടിയിലായി.

കഴിഞ്ഞമാസം മഴ കനത്തപ്പോൾ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്നു ചാല വയൽ പ്രദേശത്തെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു താമസം മാറ്റിയിരുന്നു. താഴെചൊവ്വ -കിഴുത്തള്ളി ബൈപാസിനു സമീപത്തും കാനാംപുഴയുടെ സമീപപ്രദേശങ്ങളായ എളയാവൂർ റോഡ്, ചീപ്പ് റോഡ് പരിസരങ്ങളിലും വെള്ളക്കെട്ടുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഏഴര, തോട്ടട ബീച്ച് എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്‌ധമാണ്.

വണ്ണായിക്കടവ് പാലത്തിൽ വെള്ളം കയറി

ഗതാഗതനിരോധനം വണ്ണായിക്കടവ് പാലത്തിൽ വെള്ളം കയറി പയ്യാവൂർ – പൈസക്കരി റോഡിൽനിന്നു നെല്ലിക്കുറ്റി, ചെമ്പേരി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളം പാലത്തിനു മുകളിലൂടെ ഒഴുകിയതോടെ പാലം മുങ്ങി. പുഴയിലെ ഉയരമില്ലാത്ത പാലമാണിത്. പാലം ഉയർത്തി പുതുക്കി പണിയണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. കണ്ടകശ്ശേരി പാലത്തിനും ഭീഷണിയുണ്ട്. പാലത്തിന് സമാനമായാണ് ഇവിടെയും വെള്ളമൊഴുകുന്നത്. വർഷങ്ങൾക്കു മുൻപത്തെ മലവെള്ളപ്പാച്ചിലിൽ മരമിടിച്ച് അപകടാവസ്‌ഥയിലായ പാലമാണിത്.

വീട് തകർന്നു

കനത്തമഴയിൽ വീട് തകർന്നു. തളാപ്പ് അമ്പലത്തിനു സമീപം സജിത രാജന്റെ വീടാണ് തകർന്നത്. അടുക്കളഭാഗം പൂർണമായും തകർന്നു. ശക്‌തമായ കാറ്റടിക്കുന്ന ശബ്ദം കേട്ടപ്പോൾത്തന്നെ പുലർച്ചെ 3.30ന് ഇവർ ഉണർന്നിരുന്നു. 4 മണിയോടെയാണ് അടുക്കളഭാഗം തകർന്നത്. സജിതയും രാജനും ബന്ധുവീട്ടിലേക്കു മാറി. വില്ലേജ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!