ദേശീയപാത നിർമ്മാണ തകര്‍ച്ച:രാഷ്ട്രീയപാര്‍ട്ടികളുടെ മൗനം ചോദ്യം ചെയ്യപ്പെടണം: ടി പി പത്മനാഭൻ

പയ്യന്നൂര്‍: രാജ്യത്തിൻ്റെ മൂലധനം മഴയില്‍ ഒലിച്ചുപോകുന്നത് കണ്ടിട്ടും രാഷ്ട്രീയ നേതൃത്വങ്ങൾ തുടരുന്ന മൗനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി.പത്മനാഭന്‍ പറഞ്ഞു. ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ കാര്യങ്കോട് മുതല്‍ കണ്ണൂര്‍ ചാല വരെയുള്ള ദേശീയപാതയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജനകീയ പഠന സംഘം നടത്തുന്ന പര്യടനത്തിന്റെ ഉദ്ഘാടനം ദേശീയപാത കടന്നുപോകുന്ന പയ്യന്നൂര്‍ കാപ്പാട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ പഠനം നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ദുരന്ത നിവാരണ പ്രവര്‍ത്തികളൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടനാടന്‍ ചെങ്കല്‍ കുന്നുകളും വയലുകളും നീര്‍ച്ചാലുകളും ഇടകലര്‍ന്ന കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളില്‍ പ്രദേശവാസികള്‍ കനത്ത പരിസ്ഥിതിദുരന്തങ്ങള്‍ നേരിടുകയാണ്. കേരളം പോലെ പരിസ്ഥിതിലോലമായ ഭൂപ്രദേശത്ത് ആവശ്യമായ പാരിസ്ഥിതിക ആഘാത പഠനങ്ങളുടെയും ശാസ്ത്രീയ ആസൂത്രണങ്ങളുടെയും പിന്‍ബലമില്ലാതെ നടത്തുന്ന ദേശീയ പാത 66- വികസനം മണ്‍സൂണ്‍ ആരംഭിച്ചതോടെ ഗുരുതരമായ പ്രശ്‌നങ്ങള്‍ എല്ലായിടത്തും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്ര ബൃഹത്തായ പദ്ധതിയായിട്ടും പരിസ്ഥിതി പഠനത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്‍.സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.ഇ. കരുണാകരന്‍, സി. വിശാലാക്ഷന്‍, പി.പി. രാജന്‍, കെ.പി.ചന്ദ്രശേഖരന്‍, കെ.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ദേശീയപാതയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും നാട്ടുകാരുമായി സംവദിച്ചും തല്‍സ്ഥിതി രേഖപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിക്കുന്നത്.