കൂത്തുപറമ്പ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണം അന്തിമഘട്ടത്തിൽ; ഉദ്ഘാടനം അടുത്തമാസം

കൂത്തുപറമ്പ്: ആതുരസേവന രംഗത്തും വികസന രംഗത്തും കൂത്തുപറമ്പിന്റെ മുഖച്ഛായ തന്നെ മാറുന്ന കൂത്തുപറമ്പ് ഗവ. താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ജൂൺ അവസാനത്തോട് കൂടി ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബേസ്‌മെന്റ് ഉൾപ്പെടെ 12 നിലകളോടുകൂടിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തന്നെ സർക്കാർ മേഖലയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഇവിടെ ഒരുങ്ങുന്നത്.
60 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 6.93 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതവും 52.30 കോടി രൂപ നബാർഡ് വായ്പയുമാണ്.
മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്ട്രിക്കൽ റൂം, അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, ലാബ്, എമർജൻസി ഓപ്പറേഷൻ തീയേറ്റർ കൂടിയ ലേബർ റൂം, ഒഫ്താൽ ഓപ്പറേഷൻ തീയേറ്റർ, മെഡിക്കൽ ഐ.സി.യു , സർജിക്കൽ ഐ.സി.യു, പോസ്റ്റ് ഒ.പി , പോസ്റ്റ് നാറ്റൽ വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും സർജിക്കൽ വാർഡ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, മോർച്ചറി തുടങ്ങി ഒരു സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കുന്നുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും പ്രത്യേകത ആയിരിക്കും.
കെ.കെ.ശൈലജ കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എയും ആരോഗ്യമന്ത്രിയുമായിരിക്കെ തുടക്കം കുറിച്ച പദ്ധതിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ 2020 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.






