കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് കൈമാറി മാതൃകയായ വിദ്യാർത്ഥിയെ അനുമോദിച്ചു

കരിവെള്ളൂർ: കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് കൈമാറി വിദ്യാർത്ഥി മാതൃകയായി.
ചെമ്പ്രക്കാനം ചിത്രശിൽപകലാ അക്കാദമിയിലെ ചിത്രകല അധ്യാപക കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥി കരിവെള്ളൂർ ഓണക്കുന്നിലെ അഭിലാഷ് കരുൺ ആണ് മാതൃകയായത്. പയ്യന്നൂർ കണ്ടോത്തെ റസ്റ്റോറൻ്റിലെ കാർപാർക്കിംഗ് ഏരിയായിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവനോളം തൂക്കം വരുന്ന ജിമിക്കി കമ്മലാണ് ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് ഉടമസ്ഥരായ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിന് സ്വർണ്ണാഭരണം തിരിച്ചു നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ കാട്ടുകോഴിക്ക് തുണയായതും ഈ വിദ്യാർത്ഥിയാണ്. വെള്ളച്ചാൽ റോഡിൽ അപകടത്തിൽപ്പെട്ട കാട്ടുകോഴിയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി രണ്ടുദിവസത്തോളം ജീവൻ നിലനിർത്തി. ഏവർക്കും മാതൃകയായ അഭിലാഷ് കരുണിനെ ചിത്രശില്പകലാ അക്കാദമി ചെയർമാൻ രവീന്ദ്രൻ തൃക്കരിപ്പൂർപൊന്നാട അണിയിച്ച് അനുമോദിച്ചു.







