LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

നാടൻകളികളുമായി അവധിക്കാലം ആഘോഷമാക്കി ഓലപ്പീപ്പി

fe8bb01e-17fb-4162-9686-16b429a2a233-1.jpg
Spread the love

പയ്യന്നൂർ:  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പ്  ഉത്സവമാക്കി കുട്ടികൾ. കളികളിലൂടെയും വിനോദങ്ങളിലൂടെയും വ്യത്യസ്ത മേഖലകളെ പരിചയപ്പെടുത്തിയ ക്യാമ്പിലെ മൂന്നു ദിനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായ്. പയ്യന്നൂർ കൊക്കാനിശ്ശേരി ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാമി ആനന്ദതീത്ഥ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെയാണ് പയ്യന്നൂരിൽ  ഓലപ്പീപ്പി ക്യാമ്പ് സംഘടിപ്പിച്ചത്. പഴയകാല കളികളായ ഉപ്പുകളിയും കക്കുകളി, തലപ്പന്ത്, ചട്ടിയേറ്, ആനമയിൽ ഒട്ടകം തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ അവരത് ആവേശത്തോടെ ഏറ്റെടുത്തു.  ഇന്നുവരെ കാണാത്ത കളികളാണെങ്കിലും പങ്കെടുത്ത 120 കുട്ടികളും ആദ്യാവസാനം ക്യാമ്പിനെ സജീവമാക്കി. കളികൾ ക്ഷമാപൂർവ്വം പഠിച്ചെടുത്ത് വ്യത്യസ്ത ടീമുകളായി വാശിയോടെ അവർ മത്സരിച്ചു. ഉപ്പു കളിയോടും ചട്ടി പന്തിനോടുമായിരുന്നു കുട്ടികൾക്ക് ഏറെ പ്രിയം. സജിത്ത് പത്മനാഭൻ , മിനീഷ് മുള്ളിക്കോട്, ഇസ്മയിൽ മുട്ടം എന്നിവരായിരുന്നു പഴയ കാല കളികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയത്.
കളികൾക്കൊപ്പം പേപ്പർ കൊണ്ടും ഓലകൊണ്ടുമുള്ള കളിപ്പാട്ട നിർമാണവും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. ഓലകൾ കൊണ്ട് ഓലപ്പീപ്പിയും പന്തും പൂക്കളും പേപ്പർ കൊണ്ട് കളിപ്പാട്ടങ്ങളും ഉണ്ടാക്കിയപ്പോൾ കുട്ടികൾക്കത് വേറിട്ട അനുഭവമായി. വർണകൂടാരത്തിന് ഉമേഷ് ചെറുവത്തൂർ നേതൃത്വം നല്കി.
അസിസ്റ്റൻ്റ് പോലീസ് സബ് ഇൻസ്പെക്ടർ പ്രജീഷ് ഏഴോം ലഹരി വിരുദ്ധ -സൈബർ ബോധവത്കരണ ക്ലാസെടുത്തു.
ആദ്യദിനത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് ബാലവേദി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും ശ്രീപാദം പയ്യന്നൂർ തെരു അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി.
നാടൻപാട്ടും കളികളുമായി ജിത്തു കൊടക്കാട് അവതരിപ്പിച്ച ‘ആടാം പാടാം’ ക്ലാസിൽ കുട്ടികൾ ആഘോഷമാക്കി വിജ്ഞാനവും വിനോദവും മെൻ്റലിസവും കൂട്ടിക്കലർത്തി ചോദ്യവും ഉത്തരവുമായി നടന്ന ക്ലാസുകൾക്ക് സനൽ പാടിക്കാനം നേതൃത്വം നല്കി. പി. എസ് കോറോത്ത് മാജിക് അവതരിപ്പിച്ചു. അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങുമ്പോൾ കൂട്ടുകാരോട് പറയാൻ ഒരുപിടി പുതിയ അറിവുകളുമായാണ് കുട്ടികൾ മടങ്ങിയത്. ക്ലബിൻ്റെ 30 ാം വാർഷിക ഉദ്ഘാടനവും വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള ഓലപ്പീപ്പി അവാർഡ് സമർപ്പണവും പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര നിർവ്വഹിച്ചു.
ഭിന്നശേഷി കുട്ടികൾക്കുള്ള ചിറക് പുരസ്കാരം: പി.ടി ശബരീനാഥ്, സ്പോർട്ട്സ് & ഗെയിംസ്: സിദ്ധാർത്ഥ് ദിനേശ്, ഡ്രോയിംഗ് & പെയിൻ്റിംഗ്: എസ്.എൻ ദക്ഷിണ, മ്യൂസിക്: വൈദേഹി വിനോദ്, വിജ്ഞാനം: സി.ആർ അനുശ്രീ എന്നിവർക്കാണ് അവാർഡ്. ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ഷാജി കെ അധ്യക്ഷത വഹിച്ചു. സ്വാമി ആനന്ദതീർത്ഥ സ്മാരക ഗ്രന്ഥാലയം പ്രസിഡൻ്റ് എ.കെ പി നാരായണൻ ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെ. ജയരാജ്, എം.കെ ശ്യാംലാൽ, ടി പി സുനിൽ കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
അവാർഡ് കമ്മിറ്റി ചെയർമാനും ചലചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മൽ  സ്വാഗതവും ട്രഷറർ സന്ദീപ് എൻ പൈ നന്ദിയും പറഞ്ഞു. കലാസന്ധ്യ, ബ്രദേഴ്സ് ക്ലബ്ബ് വനിതാ വേദിയുടെ ഒപ്പന , തുടർന്ന് കാഞ്ഞങ്ങാട് അരയി ചിലമ്പൊലി അവതരിപ്പിച്ച പാട്ടും പറച്ചിലും അരങ്ങേറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!