തളിപ്പറമ്പ് മണ്ഡലത്തിൽ നിക്ഷേപക–പ്രവാസി സംഗമം; മുന്നൊരുക്കങ്ങളുടെ ഭാഗമായി ഏകദിന ശിൽപശാല നാളെ

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പ്രാദേശിക വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങളും തൊഴിൽവസരങ്ങളും സൃഷ്ടിക്കുന്നതിനായി നിക്ഷേപക–പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) ആഭിമുഖ്യത്തിൽ തൃശൂർ കിലയിൽ ഏകദിന ശിൽപശാല നടക്കും.
നവംബർ 17 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി വരെയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പ്രവാസികൾ, സംരംഭകർ, നിക്ഷേപകർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാന ലക്ഷ്യങ്ങൾ:
• പ്രാദേശിക വികസന സാധ്യതകൾ കണ്ടെത്തുക.
• നിക്ഷേപയോഗ്യമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുക.
• പ്രവാസി നിക്ഷേപങ്ങളെ പ്രാദേശിക വികസനത്തിലേക്ക് ആകർഷിക്കുക.
• പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക.
എം.എൽ.എ.മാരുടെ നേതൃത്വത്തിൽ കിലയുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ശിൽപശാലയിൽ എല്ലാ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കില രജിസ്ട്രാർ നിർദേശിച്ചിട്ടുണ്ട്. തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഉൾപ്പെടെയുള്ള പ്രമുഖർ ശിൽപശാലയിൽ സംബന്ധിക്കും.







