പയ്യന്നൂർ മണ്ഡലത്തിലെ സ്കൂളുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണോദ്ഘാടനം 24ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ക്കുള്ള സ്പോര്ടസ് കിറ്റ് വിതരണോദ്ഘാടനം 24ന് വൈകുന്നേരം മൂന്നിന് തായിനേരി എസ്എബിടിഎം സ്കൂളില്‍ നടക്കുമെന്ന് പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന കായിക വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ഫുട്ബോള്‍, നാല് ഹര്‍ഡില്‍സ്, ലാഡര്‍, ആറ് കോണ്‍സ്, മാര്‍ക്കര്‍, വിസില്‍, സൈക്കിള്‍ പമ്പ്, ബോള്‍ കാരിനെറ്റ് തുടങ്ങിയ ഒമ്പതോളം സ്പോർട്സ് ഉപകരണങ്ങളാണ് കിറ്റിലുണ്ടാവുക. അടുത്ത വര്‍ഷം മുതല്‍ ക്ലബുകള്‍ക്കും ഇത്തരം കിറ്റുകള്‍ വിതരണം ചെയ്യും. ബജറ്റിലുള്ക്കൊള്ളിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കേണ്ടതുണ്ട്. താലൂക്ക് വികസന സമിതി യോഗങ്ങള്‍ ചേര്‍ന്ന് പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പയ്യന്നൂര്‍, പെരിങ്ങോം ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മേഖലയിലെ വിദഗ്ദരുമായി 26ന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്.
വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഉന്നത വിജയികള്‍ക്കുള്ള അനുമോദനം മണ്ഡലത്തിലെ പയ്യന്നൂരും ചെറുപുഴയിലുമായി നടന്നു. സിവില്‍ സര്‍വീസ് സൗജന്യ പരിശീലന പദ്ധതി ആരംഭിച്ചു. 50 പേര്‍ക്കാണ് ഐഎഎസ്, ഐപിഎസ് പരിശീലനം തുടങ്ങിയത്. പ്രളയ ദുരന്തമുണ്ടായ ചെറുപുഴക്ക് വേണ്ടി പ്രത്യേക പാക്കേജുണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു. ജില്ലാ കലക്ടര്‍ മുന്‍കൈ എടുത്ത് പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടപ്പാക്കുന്ന ജില്ലാ ലീഗ് ടൂര്‍ണ്ണമെന്റിലേക്ക് 22 കുട്ടികളെ തിരഞ്ഞെടുക്കും. 2022 മുതല്‍ പാസായിട്ടും തുടങ്ങാത്ത പദ്ധതികള്‍ മണ്ഡലത്തിലുണ്ട്. ഇംപ്ലിമെന്റ് ഓഫീസര്‍മാരെ വിളിച്ച് ചേര്‍ത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള ഒരുക്കത്തിലാണ്.
ഒരുകിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള പഴയ പോസേ്റ്റോഫീസ്-അമ്പലം റോഡ് വീതി കൂട്ടി മെക്കാഡം ടാര്‍ ചെയ്യുന്നതിന് സ്ഥലമുടമകളുടെ യോഗം വിളിച്ച് ചേര്‍ക്കും. പയ്യന്നൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ബൈപാസ് റോഡിന്റെ ഒരു ഭാഗത്ത് നിര്‍മ്മാണം നടക്കുമ്പോള്‍ മറുഭാഗം ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന് ദേശീയപാത അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെടുത്തി പയ്യന്നൂർ തിയേറ്റര്‍ സമുച്ഛയം, പയ്യന്നൂര്‍ നഗര വികസനം തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. തീരദേശ ഹൈവേയുടെ നഷ്ടപരിഹാരത്തുക ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഭൂമി ഏറ്റെടുക്കുന്നതോടെ റോഡുനിര്മ്മാണമാരംഭിക്കും. പയ്യന്നൂര്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിപ്പിക്കാന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ സാധിച്ചു. പക്ഷേ ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നാണ് മുനിസിപ്പല്‍ ചെയര്‍പേഴ്സൺ പറഞ്ഞതെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
ഇപ്പോള്‍ ബസ്റ്റാന്റ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ട് നല്കണമെങ്കില് മുനിസിപ്പാലിറ്റിയുടെ അനുമതി വേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ പലതും നിസ്സഹരണമാണ് കാണിക്കുന്നതെന്ന ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് അവശ്യമായി വരുന്ന ഘട്ടങ്ങളില്‍ എംഎല്‍എയുടെ സഹായം വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പാണ് രാജഗിരി-ജോസ്ഗിരി റോഡ് കുത്തിപ്പൊളിച്ചിട്ടതെന്നും മഴക്ക് മുമ്പ് പ്രവര്‍ത്തി പൂര്ത്തീകരിക്കന്വേണ്ട ഇടപെടല്‍ നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയവര് ഇപ്പോള്‍ സമരത്തിനിറങ്ങുന്ന കാഴ്ചയാണെന്നും വി.കുഞ്ഞികൃഷ്ണന് എംഎല്‍എ പറഞ്ഞു. വാർത്ത സമ്മേളനത്തിൽജനജാഗ്രത വൈസ് പ്രസിഡന്റ് കെ.സുരേഷ് മാസ്റ്ററും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.







