പരിയാരം അമ്മാനപ്പാറയിൽ ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാർത്ഥി ദാരുണമായി മരിച്ചു

Screenshot
പരിയാരം: അമ്മാനപ്പാറ മുടിക്കാനം ജംഗ്ഷനിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവതിയുടെ മകൻ ദാരുണമായി മരിച്ചു. തടിക്കടവ് മണാട്ടി പി.എം.ജെ. മില്ലിന് സമീപം താമസിക്കുന്ന കാർപെന്റർ സുരേഷ്, തയ്യൽ തൊഴിലാളി സ്മിത ദമ്പതികളുടെ മകൻ നടുവിലെ വീട്ടിൽ അഭിനവ് സുരേഷ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:40 മണിയോടെയായിരുന്നു അപകടം നടന്നത്.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ സ്മിതയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം മംഗളൂരുവിലെ നഴ്സിങ് സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയും, അടുത്ത ദിവസം ക്ലാസിന് പോകാൻ തയ്യാറെടുക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ വേർപാട്. യുവാവ് ഓടിച്ച ബൈക്ക് ഓട്ടോയിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണപ്പോൾ അതുവഴി വന്ന ടോറസ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ അഭിനവിന്റെ തല വേർപെട്ട നിലയിലായിരുന്നു.
സഹോദരൻ: ആരോമൽ (എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് ട്രെയിനി). വിവമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് വാഹനങ്ങൾ നീക്കം ചെയ്ത് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർനടപടികൾക്കായി മാറ്റി.







