ജീവനക്കാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി എക്സര്‍സൈസ്

ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി.
കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് പറന്നുയരാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിനില്‍ തീപ്പിടുത്തമുണ്ടായതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്. സഹായത്തിനായി എയര്‍ ട്രാഫിക് കണ്ട്രോള് സര്‍വീസ് ടവറില്‍ അറിയിക്കുകയും ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ ഫയര്‍ സര്‍വീസ് യൂണിറ്റിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ അപകടസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തര പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ സംവിധാനവും ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമായി. പരിസരത്തെ ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും ഫയര്‍ഫോഴ്സും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.
വിമാനത്തിലെ തീയണക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എമര്‍ജന്‍സി വാതിലിലൂടെ തീപ്പൊള്ളലേറ്റ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 10 പേരെയും നിസ്സാര പരിക്കുകളോടെ 24 പേരെയും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് 40 പേരെയുമാണ് വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും ഗുരുതരമായി തീപ്പൊള്ളലേറ്റ ഒരാള്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി.
മോക്ഡ്രില്‍ അവസാനിച്ചതിന് ശേഷം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടപടികളുടെ അവലോകനം നടന്നു. വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എല്ലാ ഏജന്‍സികളെയും ഇലക്ട്രോണിക് മെസ്സജേിംഗ് സംവിധാനം വഴി കൃത്യമായി അറിയിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി യോഗം വിലയിരുത്തി. വിവിധ ഏജന്‍സികളുടെ ഏകോപനവും ഫലപ്രദമായി നടപ്പിലാക്കാനായി. വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഒത്തുചേരാനുള്ള കേന്ദ്രവും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള മീഡിയ സെന്ററും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
45ഓളം ഏജന്‍സികളില്‍ നിന്നായി 500ലധികം പേരാണ് എമര്‍ജെന്‍സി എക്സര്‍സൈസില്‍ പങ്കാളികളായത്. എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി മൂന്ന് മാസം നീണ്ട വിപുലമായ ഒരുക്കങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു.
ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസിന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സി ദിനേശ് കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി കെ അശ്വിനി കുമാര്‍, എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് തലവന്‍ വി പി പവിത്രന്, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍പോര്‍ട്ടില്‍ ഈ രീതിയിലുള്ള എമര്‍ജന്‍സി എക്സര്‍സൈസ് സംഘടിപ്പിക്കുന്നത്.







