പയ്യന്നൂരിൽഓണം പരമ്പരാഗത കാർഷിക വ്യവസായ പ്രദർശന മേള 16 മുതൽ 25 വരെ.

പയ്യന്നൂർ: നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ
ചെറുകിട, ഗ്രാമ, കുടിൽ , പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള
ഓണക്കാല കാർഷിക വ്യവസായ ഉൽപ്പന്ന പ്രദർശനമേള ഈ മാസം 16 മുതൽ 25 വരെ പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപം ഷേണായി സ്ക്വയറിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞവർഷം 75 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ഉണ്ടായ മേളയിൽ ഇക്കുറി കൈത്തറി, ഖാദി, കുടുംബശ്രീ, ചെറുകിട-ഗ്രാമ, കുടിൽ പരമ്പരാഗത വ്യവസായ ഉൽപ്പന്നങ്ങൾ, എം.എസ്.എം.ഇ, പി.എം.ഇ.ജി.പി, പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ നേരിട്ട് തന്നെ ഉപഭോക്താക്കൾക്ക് വാങ്ങാനും വിൽക്കാനും സാധിക്കും. പൊതുവിപണിയിലുളള അനിയന്ത്രിതമായ വിലക്കയറ്റത്തിനിടയിൽ ഉപഭോക്താക്കൾക്ക് അൽപം ഒരാശ്വാസമേകാൻ മേള സഹായകരമാകും. കൂടാതെ ചെറുകിട-കുടിൽ ഗ്രാമ, കുടുംബശ്രീ പരമ്പരാഗത വ്യവസായ യൂനിറ്റുകൾക്ക് അവയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വേദി ഒരുക്കുന്നതിലൂടെ ഇത്തരം സംരംഭങ്ങളുടെ ഉൽപ്പന്ന വിപണനത്തിന് പ്രോത്സാഹനം ലഭിക്കുകയും അതുവഴി അവരുടെ സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ പി .ശ്യാമള , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. രാമകൃഷ്ണൻ, സീമ ടീച്ചർ എന്നിവർ പങ്കെടുത്തു..







