മംഗൽപ്പാടിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരൻ മുങ്ങിമരിച്ചു

Screenshot
കാസർകോട്: മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഈ പതിമൂന്നുകാരൻ.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ അബൂബക്കർ അസാൻ മുങ്ങിത്താഴുകയായിരുന്നു. കുളി കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് കുട്ടിയെ കാണാതായ വിവരം കൂടെയുണ്ടായിരുന്നവർ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് വ്യക്തമായത്.
ഉടൻതന്നെ നാട്ടുകാരും വിവരമറിഞ്ഞ് ഉപ്പളയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തി വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







