ശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Screenshot
തിരൂര്‍ക്കാട് (മലപ്പുറം): കഴിഞ്ഞ ദിവസം വഫാത്തായ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ശൈഖുല്‍ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ (81) കബറടക്കം പൂർത്തിയായി. ഇന്ന് രാവിലെ പത്തുമണിയോടെ തിരൂര്‍ക്കാട് മഹല്ല് ജുമാമസ്ജിദിലായിരുന്നു കബറടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്കി.
പ്രിയ ഗുരുനാഥനെ അവസാനമായി ഒരുനോക്കുകാണാന്‍ പതിനായിരങ്ങളാണ് തിരൂർക്കാട്ടേക്ക് ഒഴുകിയെത്തിയത്. ജനബാഹുല്യം കാരണം 70 തവണയായാണ് മയ്യിത്ത് നിസ്കാരം നടന്നത്. ആദ്യത്തെ നിസ്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം വിടവാങ്ങിയത്.
2016-ൽ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് അദ്ദേഹം സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലായും 2013 മുതല്‍ കാസര്‍കോട് ഖാസിയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുൻ വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം, ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിച്ച് വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രമുഖ പണ്ഡിതനായിരുന്നു.






