അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ മരിച്ചു; അനസ്തീസ്യപ്പിഴവെന്ന് ആരോപണം

Screenshot
പയ്യന്നൂർ : കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു. എരമത്തെ ടി. സൂരജിന്റെയും വിജിഷയുടെയും ഏകമകൻ ദേവാൻഷ് ശൗര്യയാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ പിഴവുണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിയെ ഞായറാഴ്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ഇവിടെനിന്ന് പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. മുറിവ് തുന്നുന്നതിന്റെ ഭാഗമായി അനസ്തീസ്യ കൊടുത്തപ്പോൾ പിഴവുണ്ടായെന്നാണ് പരാതി. എന്നാൽ ചികിത്സപ്പിഴവുണ്ടായിട്ടില്ലെന്ന് ആസ്പത്രിവൃത്തങ്ങൾ അറിയിച്ചു. ചികിത്സപ്പിഴവ് ആരോപിച്ച് പയ്യന്നൂർ ആസ്പത്രിയിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തിയിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആസ്പത്രിയിലെ അനസ്തീസ്യാ ഡോക്ടർക്കതിരേ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ബന്ധു കെ. രാജീവനാണ് പരാതി നൽകിയത്. പയ്യന്നൂർ ഡിവൈഎസ്.പി. എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.







