വയനാട് മേപ്പാടി മണ്ണിടിച്ചിൽ: മരണം അഞ്ചായി; രക്ഷാപ്രവർത്തനം ഊർജിതമാക്കി

Screenshot
മേപ്പാടി: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം അഞ്ചായി ഉയർന്നു. ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ അഞ്ചിലെത്തിയത്. അപകടത്തിൽപ്പെട്ട ഒമ്പതോളം പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ദുരന്തഭൂമിയിൽ ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് സംഘവും രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നു. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടുതൽ മന്ത്രിമാർ വയനാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് മീനാക്ഷി എസ്റ്റേറ്റിലെ 21 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ചുളിക്ക ജി.എൽ.പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മേപ്പാടി പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ മീനാക്ഷി പാലത്തിന് സമീപമായിരുന്നു ദുരന്തം. തുരങ്കപാത നിർമ്മാണത്തിനായി കെട്ടിയുണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെയുള്ളവ കുന്ന് ഇടിഞ്ഞുവീണതിനെത്തുടർന്ന് തകർന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ മണ്ണിനടിയിലായതായാണ് വിവരം. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയാണ് അപകടത്തിന് കാരണമായത്.







