ചിറക്കൽ, വളപട്ടണം പ്രദേശങ്ങളെ മിനി ഇൻഡസ്ട്രിയൽ ഹബ്ബാക്കണം: നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കെ.വി. സുമേഷ് എം.എൽ.എ

Screenshot
തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ ചിറക്കൽ, വളപട്ടണം പ്രദേശങ്ങളെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ഒരു ‘മിനി വ്യവസായ ഹബ്ബായി’ മാറ്റണമെന്നാവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.
വളപട്ടണത്ത് സിഡ്കോയുടെ (SIDCO) ഉടമസ്ഥതയിൽ നിലവിൽ പ്രവർത്തിക്കുന്ന മിനി വ്യവസായ എസ്റ്റേറ്റിൽ ഏഴ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും, അതുവഴി പ്രദേശത്ത് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരണമെന്നുമാണ് എം.എൽ.എ ആവശ്യപ്പെട്ടത്.
സബ്മിഷന് മറുപടിയായി, ഈ മേഖലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും, ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കി.







