മയ്യിൽ അപകടം: മകൾക്ക് പിന്നാലെ പിതാവും മരണത്തിന് കീഴടങ്ങി

മയ്യിൽ: പെരുന്നാൾ ദിനത്തിൽ പാവന്നൂർ കടവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മരണപ്പെട്ടു. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46) ആണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അപകടത്തിൽ മകൾ തശ്രീഫ (4) നേരത്തെ മരണപ്പെട്ടിരുന്നു.
മെയ് 29-ന് രാത്രി 8.20-ഓടെയാണ് അപകടം നടന്നത്. പാവന്നൂർ കടവിൽ നിർത്തിയിട്ട സ്കൂട്ടറിന് അരികിൽ നിൽക്കുകയായിരുന്ന സാജിദ്, ഭാര്യ മൈമൂന (39), മകൾ തശ്രീഫ എന്നിവർക്ക് നേരെ തെറ്റായ ദിശയിൽ അമിത വേഗതയിൽ വന്ന മിനിലോറി (KL 59 4847) ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുരാത്രി 10 മണിയോടെ മകൾ തശ്രീഫ മരണപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന സാജിദും മരണപ്പെടുകയായിരുന്നു. ഭാര്യ മൈമൂന ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇരിക്കൂരിലെ പരേതനായ മീത്തലകത്ത് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സാജിദ്. തമീം, തഫീം എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: സലാം, അബ്ദുല്ല, അമീൻ, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധിഖ്, അസ്മ, റഹ്മ, അഫ്സത്ത്, നജ്മുന്നീസ, ഫാത്തിമ മൈമൂന. പരേതനായ നാസർ സഹോദരനാണ്.







