ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Screenshot
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു ബെന്നി തോമസ് രാജിവെച്ചു. മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ഇദ്ദേഹത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
ന്യായീകരിച്ച് മന്ത്രി, പരിശോധിക്കാമെന്ന് മുഖ്യമന്ത്രി:
ബെന്നിയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം മികച്ചൊരു പൊതുപ്രവർത്തകനാണെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ ന്യായീകരിച്ചിരുന്നു. എന്നാൽ, നിയമനവിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്.
തിരിച്ചടിയായത് മുൻകാല നിലപാടുകൾ:
കണ്ണൂർ ഉളിക്കൽ സ്വദേശിയാണ് ബെന്നി തോമസ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഇതേ മുന്നണിയിൽ നിന്നുതന്നെ സമാനമായ രീതിയിലുള്ള നിയമനം നടന്നതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കും ഒടുവിൽ രാജിയിലേക്കും നയിച്ചത്.







