വൈശാഖ മഹോത്സവംതിരുവോണം ആരാധന ഇന്ന്

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഇന്ന് നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തിരുവോണം ആരാധന ദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങൾക്കും പഞ്ചവാദ്യത്തിനും തുടക്കമാകും. ആരാധനാ ദിവസങ്ങളിൽ പൊന്നിൻ ശീവേലിയാണ് നടക്കുക. സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെള്ളിക്കിടാരം, വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ ശിവേലിക്ക് അകമ്പടിയായി ഉണ്ടാകും. മത്തവിലാസം കൂത്തും ഈ ദിവസം മുതൽ പൂർണരൂപത്തിൽ ആരംഭിക്കും. പാലമൃത് അഭിഷേകവും ആരാധനാ സദ്യയും നടക്കും.
വ്യാഴാഴ്ചയും നല്ല ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. ഭക്തരിൽ ഏറെയും അന്യ സംസ്ഥാനത്ത് നിന്നുള്ളവരായിരുന്നു. ദർശനത്തിനായി ഭക്തജനങ്ങൾക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു.







