നടാൽ റെയിൽവേ ഗേറ്റിനു സമീപം കണ്ടൽക്കാട് വെട്ടിമാറ്റി മണ്ണിട്ടതായി കണ്ടെത്തൽ; വിജിലൻസ് പരിശോധന നടത്തി

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റിനു സമീപത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കണ്ടൽക്കാടുകൾ വെട്ടിമാറ്റി മണ്ണിട്ട് നികത്തിയ സംഭവത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. എസ്.ഐ നിജേഷ്, എ.എസ്.ഐ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
മണ്ണിടൽ നടത്തുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ നടാൽ-മുഴപ്പിലങ്ങാട് ബീച്ച് റോഡിനായുള്ള അലൈൻമെന്റ് പഠനം മാത്രമാണ് പി.ഡബ്ല്യു.ഡി അവിടെ നടത്തിയിരുന്നതെന്നും, നിലവിലെ മണ്ണിടൽ പ്രവൃത്തിയുമായി പൊതുമരാമത്ത് വകുപ്പിന് ബന്ധമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഏകദേശം 450 മീറ്ററോളം ദൂരത്തിലാണ് ഇവിടെ മണ്ണിട്ടിരിക്കുന്നത്. ഇതിനായി ആയിരത്തിലേറെ ലോഡ് മണ്ണ് നിക്ഷേപിച്ചതായും കണ്ടെത്തി. കോസ്റ്റൽ സോൺ റെഗുലേഷൻ ആക്ട് (CRZ) പ്രകാരം ചട്ടവിരുദ്ധമായാണ് ഈ പ്രവൃത്തി നടന്നിട്ടുള്ളതെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ തുടർ നടപടികളുണ്ടാകുമെന്നാണ് സൂചന.







