പോസ്റ്റ് പോൾ അനാലിസിസ് : കണ്ണൂരിൽ ചെങ്കോട്ടകൾക്ക് ഇളക്കം തട്ടുമോ? പയ്യന്നൂരിലും തളിപ്പറമ്പിലും അട്ടിമറി വിജയം നേടുമെന്ന് വിമതർ

Screenshot
കണ്ണൂർ: പോളിംഗ് കഴിഞ്ഞതോടെ ജില്ലയിൽ ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ. സി.പി.എം പാട്ടുംപാടി ജയിക്കുന്ന തളിപ്പറമ്പും പയ്യന്നൂരും ഇത്തവണ എന്താകുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ഇരു മണ്ഡലങ്ങളിലും പോളിംഗ് ഉയർന്നത് യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
പ്രധാന വിലയിരുത്തലുകൾ താഴെ:
🔸 പയ്യന്നൂരിലെ കണക്കുകൂട്ടലുകൾ:
കഴിഞ്ഞ തവണ അരലക്ഷത്തോളം വോട്ടിന് ജയിച്ച പയ്യന്നൂരിൽ ഇത്തവണ ഭൂരിപക്ഷം 20,000 ആയി കുറയുമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കളയുകയാണ് വിമതനായ യു.ഡി.എഫ് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. സി.പി.എം വോട്ടുകൾ മറിയുമെന്നും, പയ്യന്നൂരിൽ അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. തോൽവി ഉറപ്പായതിനാലാണ് സി.പി.എം ഇപ്പോൾ അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🔸 തളിപ്പറമ്പ് പിടിക്കുമെന്ന് ടി.കെ ഗോവിന്ദൻ:
തളിപ്പറമ്പിൽ 10,000 മുതൽ 12,000 വോട്ടിന് മണ്ഡലം പിടിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ. സി.പി.എം സ്ഥാനാർത്ഥി പി.കെ ശ്യാമളക്ക് ആന്തൂർ നഗരസഭയിൽ മാത്രമായിരിക്കും മേൽക്കൈ ലഭിക്കുകയെന്നും, അത് മറ്റ് പഞ്ചായത്തുകളിലെ വോട്ടിലൂടെ താൻ മറികടക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ ശ്യാമള തന്നെ ജയിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.
🔸 മറ്റ് മണ്ഡലങ്ങളിലെ സാധ്യതകൾ:
കണ്ണൂർ, പേരാവൂർ, ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങൾ യു.ഡി.എഫ് ഉറപ്പിക്കുമ്പോൾ, മുസ്ലിം ലീഗിലൂടെ കൂത്തുപറമ്പും പിടിക്കാനുള്ള സാധ്യത യു.ഡി.എഫ് കാണുന്നു. എന്നാൽ ജില്ലയിൽ 9 സീറ്റുകൾ നിലനിർത്തുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
🔸 ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും, മട്ടന്നൂരിൽ വി.കെ സനോജിന്റെയും ഭൂരിപക്ഷത്തിൽ ഇത്തവണ വലിയ ഇടിവുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.







