യുഡിഎഫ് ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

പയ്യന്നൂർ: യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച മൂന്നു സി പി എം പ്രവർത്തകർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. യു ഡി എഫ് 62-ാം നമ്പർബൂത്ത് ഏജൻ്റും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവേർസ് യൂണിയൻ ( ഐ എൻ ടിയുസി) നേതാവുമായ കാനായി കാനത്തെ പി.കെ. സുരേഷിൻ്റെ (47) പരാതിയിലാണ് പയ്യന്നൂർ നഗരസഭ കൗൺസിലർ രമേശൻ , സുമേഷ് കോടിയത്ത്, ജയചന്ദ്രൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് കാനായി നോർത്ത് യുപി സ്‌കൂളിലെ 62-ാം നമ്പർ ബൂത്തിൽ നിന്നും എജൻ്റായ പരാതിക്കാരൻ പുറത്തിറങ്ങി ബി എൽഒയുമായി സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ മുഖത്ത് അടിക്കുകയും തള്ളിയിടുകയും വീണിടത്ത് നിന്നും എഴുന്നേൽക്കുന്ന സമയം വീണ്ടും കൈ കൊണ്ട് അടിക്കുകയും മൂന്നാം പ്രതി പ്ലാസ്റ്റിക് കസേല കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ ഇയാൾ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.







