ആവേശം അലകടലായി യു.ഡി.എഫിന്റെ കൊട്ടിക്കലാശം; അഴീക്കോട് മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ച് കരീം ചേലേരി

അഴീക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം എന്നതിനപ്പുറം ചരിത്ര വിജയം ഉറപ്പിച്ചുള്ള യു.ഡി.എഫ് പ്രവര്‍ത്തകരുടെ വൻ ആഘോഷത്തിനാണ് ഇന്നലെ അഴീക്കോടിന്റെ വീഥികള്‍ സാക്ഷ്യം വഹിച്ചത്. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ കഴിഞ്ഞ ഏതാനും നാളുകളായി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച യു.ഡി.എഫ് പ്രവര്‍ത്തകരുടെ കെട്ടുറപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഈ കൊട്ടിക്കലാശം.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് ഇന്നലെ ഉച്ചകഴിഞ്ഞ് കാട്ടാമ്പള്ളിയില്‍ നിന്നാണ് ആരംഭിച്ചത്. തുടർന്ന് പുതിയതെരു, വളപട്ടണം, മില്‍ റോഡ്, മൂന്നുനിരത്ത് വഴി വൈകുന്നേരം 6 മണിക്ക് വന്‍കുളത്തുവയലില്‍ സമാപിച്ചു. സമാപന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തകരുടെ അണമുറിയാത്ത പ്രവാഹമാണ് കാണാന്‍ സാധിച്ചത്. അഴീക്കോടിന്റെ നായകനായി അഡ്വ. കരീം ചേലേരിയെ നാട് ഉറപ്പിച്ചു കഴിഞ്ഞുവെന്നും, വരാനിരിക്കുന്ന സമഗ്രമായ വികസന മുന്നേറ്റത്തിന്റെ കേളികൊട്ടായി ഈ കൊട്ടിക്കലാശം മാറിയെന്നും യു.ഡി.എഫ് നേതൃത്വം വിലയിരുത്തി.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ടി. ജയകൃഷ്ണൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കൂക്കിരി രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, അജിത്ത്, ബിജു ഉമ്മർ, മഹമൂദ് അള്ളാംകുളം, സി.പി. റഷീദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ബി.കെ. അഹമ്മദ്, കെ.കെ. ഷിനാജ്, ഗഫൂർ മാട്ടൂൽ, അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഷജീർ ഇഖ്ബാൽ, എൻ.എ ഗഫൂർ, നസീർ അത്താഴകന്ന്, അസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയ നേതാക്കൾ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.







