മദ്യവിൽപ്പനക്കിടെ എക്സൈസിനെ കബളിപ്പിച്ച് പ്രതി ഓടി രക്ഷപ്പെട്ടു; 6.5 ലിറ്റർ മദ്യം പിടികൂടി

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പിൽ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ മദ്യവിൽപ്പനക്കാരൻ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഒടുവള്ളിത്തട്ട് സ്വദേശി ഷിബു കെ.എസ് (48) ആണ് എക്സൈസിനെ കബളിപ്പിച്ച് മുങ്ങിയത്. പ്രതി ഉപേക്ഷിച്ചു പോയ 6.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.വി. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം ഒടുവള്ളിത്തട്ട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യവിൽപ്പനക്കാരൻ വലയിലായത്. പ്രതിയെ എക്സൈസ് സംഘം പിന്തുടർന്ന് ഓടിയെങ്കിലും പിടികൂടാനായില്ല. പ്രതിയായ ഷിബുവിന്റെ പേരിൽ മദ്യവിൽപ്പനയ്ക്ക് അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.പി. മനോഹരൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.വി. നികേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി. സുനിത, സിവിൽ എക്സൈസ് ഓഫീസർ പി.ആർ. വിനീത് എന്നിവരും പങ്കെടുത്തു.







