ടാപ്കോസിനെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ശ്രമം; വ്യാജ പരാതി നൽകിയത് പരാജയഭീതിയിലെന്ന് സി.പി.എം

തളിപ്പറമ്പ്: തളിപ്പറമ്പിലെ ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ടാപ്കോസിനെ (Tapcos) അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു. സ്ഥാപനത്തിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷം സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എഴുതി നൽകിയാണ് അന്വേഷണ സംഘം മടങ്ങിയത്.
വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വാക്കുകൾ ഏറ്റുപാടുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചെയ്യുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി. ടാപ്കോസിനെതിരെ ഉന്നയിച്ച വ്യാജ പരാതി പ്രകാരം മണിക്കൂറുകളോളമാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിലെ നാല് കമ്പ്യൂട്ടറുകളും ജീവനക്കാരുടെ മുഴുവൻ മൊബൈൽ ഫോണുകളും പോലീസ് പരിശോധിച്ചു. ഒരാളെയും ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ നടത്തിയ പരിശോധനയിൽ ഒരു തെളിവുപോലും ലഭിച്ചില്ല. ഇത് വ്യക്തമാക്കി പോലീസ് എഴുതി നൽകിയ ശേഷമാണ് മടങ്ങിയത്.
സ്ഥാപനത്തിനെയും പാർട്ടിയെയും അപമാനിക്കുക എന്ന അത്യന്തം ഹീനമായ പ്രവൃത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയിൽ നിന്നുണ്ടായതെന്ന് സി.പി.എം ആരോപിച്ചു. തനിക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച സഹപ്രവർത്തകർക്കെതിരെ പോലും മനസാക്ഷിക്ക് നിരക്കാത്ത കള്ളപ്പരാതികൾ ഉന്നയിക്കുന്നയാളായി ടി.കെ. ഗോവിന്ദൻ അധഃപതിച്ചെന്നും, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലങ്ങളിൽ നേതാക്കളെയും പ്രവർത്തകരെയും പോലീസിന് ഒറ്റുകൊടുത്ത ഒറ്റുകാരെപോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. പരാജയഭീതിയും കാലുമാറ്റക്കാരനെന്ന ജാള്യതയും മറയ്ക്കാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സി.പി.എം ഏരിയാ കമ്മിറ്റി വ്യക്തമാക്കി.







