വികസന നേട്ടങ്ങളെ പ്രശംസിച്ച് കെ.ആർ മീരയും നിഖില വിമലും; അഴീക്കോട്ട് ‘അഭിമാനം’ സാംസ്കാരിക സന്ധ്യ ശ്രദ്ധേയമായി

അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിറക്കൽ ചിറയ്ക്ക് സമീപം സംഘടിപ്പിച്ച ‘അഭിമാനം’ സാംസ്കാരിക സന്ധ്യ ജനപങ്കാളിത്തം കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര പരിപാടി ഉദ്ഘാടനം ചെയ്തു.
തണ്ണീർത്തടങ്ങളെയും ജലാശയങ്ങളെയും ഓർക്കുന്ന വികസന സങ്കൽപ്പങ്ങളുടെ അനുഭവസാക്ഷ്യമാണ് ചിറക്കൽ ചിറയെന്ന് കെ.ആർ. മീര ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വെറുതെ മാറിയതല്ലെന്നും, ആർജ്ജവത്തോടെ ചിറയെ മാറ്റിയതാണെന്നും അവർ കൂട്ടിച്ചേർത്തു. കെ.വി. സുമേഷിന് പകരം മറ്റൊരാളായിരുന്നുവെങ്കിൽ അഴീക്കോട് ഇന്ന് അനുഭവിക്കുന്ന വികസനം ഉണ്ടാകുമായിരുന്നോ എന്ന് ചിന്തിക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറുമൊരു നിയമസഭയിലേക്കുള്ളതല്ല, മറിച്ച് നമ്മുടെ നിലനിൽപ്പിന്റെ ദശാസന്ധിയെ നിർണ്ണയിക്കുന്നതാണ്. ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന ഉറപ്പുകൾ കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധ്യമാകൂ എന്നും കെ.ആർ. മീര വ്യക്തമാക്കി.
പുതിയതെരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിച്ചുതന്ന ജനപ്രതിനിധിയായാണ് തളിപ്പറമ്പുകാരിയായ തനിക്ക് കെ.വി. സുമേഷ് പ്രിയങ്കരനാവുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പ്രശസ്ത സിനിമാതാരം നിഖില വിമൽ പറഞ്ഞു.
കെ.ടി. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി കെ.വി. സുമേഷ് എം.എൽ.എ, എ.വി. അജയകുമാർ, അഴീക്കോടൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്കാരിക സന്ധ്യയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. സുമാ സുരേഷ് വർമ്മയുടെ വീണാവാദനം, രതീഷ് പല്ലവിയും പല്ലവി രതീഷും ആലപിച്ച ഗാനങ്ങൾ, ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ നയിച്ച കാവ്യ സായാഹ്നം, വർഗീസ് കളത്തിലിന്റെ തത്സമയ ചിത്രരചന, പി. ശശീന്ദ്രൻ ഗുരുക്കളും സംഘവും അവതരിപ്പിച്ച കളരിപ്പയറ്റ്, സൗമ്യ മനോജ് വർമ്മ, ശ്രീറാം എന്നിവരുടെ ഗാനങ്ങൾ, ഡോ. കെ.എം. ആതിരയുടെ വയലിൻ ഫ്യൂഷൻ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.







