വോട്ടർമാരുടെ മനംകവർന്ന് രാമചന്ദ്രൻ കടന്നപ്പള്ളി; പ്രത്യാശ ഭവനിൽ പാട്ടുപാടി, വാണിദാസ് എളയാവൂരിനെ സന്ദർശിച്ചു

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും വോട്ടർമാരുമായി ഹൃദ്യമായ നിമിഷങ്ങൾ പങ്കുവെച്ച് കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി. മേലെ ചൊവ്വയിലെ പ്രത്യാശ ഭവനിൽ എത്തിയ അദ്ദേഹം അന്തേവാസികളുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി പാട്ടുപാടിയത് വേറിട്ട അനുഭവമായി.
പ്രത്യാശ ഭവനിലെ സംഗീത നിമിഷങ്ങൾ:

സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും വീടായ പ്രത്യാശ ഭവനിലെ അന്തേവാസികളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു പാട്ട് പാടണമെന്നായിരുന്നു അവരുടെ ആവശ്യം. ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണവേള മറന്ന് സ്ഥാനാർഥി അവരുടെ ആവശ്യത്തിന് വഴങ്ങി. ‘ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ എന്നോമൽ ഉറക്കമായി ഉണർത്തരുതേ…’ എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. പാട്ടിലലിഞ്ഞ അന്തേവാസികൾ നിറഞ്ഞ കൈയടിയോടെയും ചിരിയോടെയുമാണ് അദ്ദേഹത്തിന് വിജയാശംസകൾ നേർന്നത്. സിസ്റ്റർമാരായ ജീന, റജി, ജയ, മായ, ജീവനക്കാരനായ രവീന്ദ്രൻ എന്നിവർ ചേർന്നാണ് രാമചന്ദ്രൻ കടന്നപ്പള്ളിയെ പ്രത്യാശ ഭവനിലേക്ക് സ്വീകരിച്ചത്.
വാണിദാസ് എളയാവൂരിന്റെ ആശിർവാദം:
തുടർന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂരിനെയും രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. എളയാവൂരിലെ കൃഷ്ണപുരം വീട്ടിലെത്തിയ സ്ഥാനാർഥിയെ ‘ജയിക്കണം, ഭരിക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ് വാണിദാസ് എളയാവൂർ ആശിർവദിച്ചത്. അത്യന്തം വികാരനിർഭരമായ ഈ കൂടിക്കാഴ്ചയിൽ വാണിദാസിന് ഒരു റോസാപ്പൂവ് നൽകിയാണ് കടന്നപ്പള്ളി സൗഹൃദം പുതുക്കിയത്.
ഇരുവരും തമ്മിലുള്ള ചിരപുരാതനമായ ബന്ധത്തെക്കുറിച്ചും ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചും അവർ ഓർത്തെടുത്തു. പാമ്പൻ മാധവനും വാണിദാസും നാഷണൽ കോൺഗ്രസിൻ്റെ ചൈതന്യമായിരുന്ന പഴയകാല രാഷ്ട്രീയ ഓർമ്മകളും വാണിദാസ് എളയാവൂരിൻ്റെ ക്ലാസുകളുടെ അനുഭവങ്ങളും പങ്കുവെച്ചാണ് ഇരുവരുടെയും ചർച്ച അവസാനിച്ചത്.






