ഖുർആൻ പാരായണത്തിന്റെ മാസ്മരികതയിൽ ലയിച്ച് മുസാബഖ സീസൺ 8; എൻ. മുഹമ്മദ് റബീഹിന് ഒന്നാം സ്ഥാനം

ഇരിക്കൂർ: ആധുനിക മനുഷ്യൻ്റെ സകല പ്രശ്നങ്ങൾക്കും പരിഹാരം ഖുർആനിലേക്ക് മടങ്ങുകയെന്നതാണെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി. ഇരിക്കൂർ ജി.സി.സി കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഖുർആൻ പാരായണ മത്സരം ‘മുസാബഖ സീസൺ 8’ ഗ്രാൻ്റ് ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾക്ക് മുന്നേ പ്രവാചകരിലൂടെ അവതരിച്ച ഖുർആനിക ദർശനങ്ങൾ ആധുനിക ശാസ്ത്രലോകത്തിന് വഴികാട്ടിയാവുന്നത് വർത്തമാനകാല ശാസ്ത്രം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര കണ്ടുപിടുത്തങ്ങൾ വർഷങ്ങൾക്ക് മുമ്പേ ഖുർആനിലൂടെ വ്യക്തമാക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം വ്യാപകമായി ഖുർആനെ പഠിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലാമുറ്റം റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻ്റ് എം.പി. ഹനീഫ അധ്യക്ഷത വഹിച്ചു. അറയ്ക്കൽ അബ്ദുറസാഖ് ദാരിമി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. മുഹമ്മദ് മാസ്റ്റർ, എം. ഉമ്മർ ഹാജി, കെ.ടി. നസീർ, കെ.പി. അസീസ് മാസ്റ്റർ, എൻ.വി. ഹാരിസ്, സി.സി. ഹിദായത്ത്, മുനീർ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കെ.ആർ. ഉമൈർ സ്വാഗതവും വി. ഉമ്മർ കുട്ടി നന്ദിയും പറഞ്ഞു.
റെക്കോർഡ് പങ്കാളിത്തം; വിജയികൾ ഇവർ:
പ്രായപരിധിയില്ലാതെ പുരുഷന്മാർക്കായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല ഖുർആൻ പാരായണ മത്സരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓൺലൈൻ മത്സരത്തിൽ മാറ്റുരച്ച 200 പേരിൽ നിന്ന് പ്രാഥമിക റൗണ്ടിലൂടെ തിരഞ്ഞെടുത്ത 25 പേരാണ് ഗ്രാൻ്റ് ഫിനാലെയിൽ മത്സരിച്ചത്.
• ഒന്നാം സ്ഥാനം: എൻ. മുഹമ്മദ് റബീഹ്, ആദികടലായി (വളപ്പിനകത്ത് മാമുഹാജി സ്മരണാർത്ഥം ഏർപ്പെടുത്തിയ 50,001 രൂപയും പ്രശസ്തിപത്രവും).
• രണ്ടാം സ്ഥാനം: ഹാഫിള് ഉത്ബാഹ്, മുഴപ്പിലങ്ങാട് (കുണ്ടൻ്റവിട മുഹമ്മദ് സ്മാരകമായ 33,333 രൂപയും സർട്ടിഫിക്കറ്റും).
• മൂന്നാം സ്ഥാനം: കെ.പി. ബിഷറുൽ ആബിദ് (സി.വി. മേമി ഹാജി സ്മാരക 26,666 രൂപയും സർട്ടിഫിക്കറ്റും).
കൂടാതെ ഫൈനലിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും ക്യാഷ് പ്രൈസും ഉപഹാരവും നൽകി.
സമാപന സമ്മേളനം:
മത്സരത്തിന്റെ സമാപന സെഷൻ പി.കെ. അബൂബക്കർ ഹാജി ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസറഗോഡ് സമാപന പ്രസംഗം നടത്തി. നിലാമുറ്റം ഖത്തീബ് ഹസ്സൻ മുസ്ല്യാർ ഏര്യം, കെ.ടി. സിയാദ് ഹാജി, കെ.വി. അബ്ദുൽ ഖാദർ, ശിഹാബുദ്ദീൻ പള്ളിപ്പാത്ത്, വി. മുനീർ, കെ. മൻസൂർ, പി.എം. സനീർ, എൻ.വി. ഷഫീഖ്, കെ. റഹീസ്, കെ.എ. അനീസ് എന്നിവർ സംസാരിച്ചു. യു.പി. അബ്ദുറഹ്മാൻ സ്വാഗതവും കെ. ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.






