LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 24, 2026

ഒരു കാലഘട്ടത്തിന്റെ ഓർമ്മ; കണ്ണൂർ കോർപ്പറേഷൻ സൈറൺ ശാശ്വതമായി നിലച്ചു

img_9455.jpg
Spread the love

കണ്ണൂർ: ദശകങ്ങളായി കണ്ണൂർ നഗരജീവിതത്തിന്റെ താളമായിരുന്ന കോർപ്പറേഷൻ സൈറൺ ഇനി മുഴങ്ങില്ല. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി വിധിയെ തുടർന്ന്, കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ സൈറൺ അവസാനമായി മുഴങ്ങി നിശ്ചലമായി.

ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 19-ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. തളാപ്പ് സ്വദേശി എം. പ്രശാന്തൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് സൈറന്റെ അന്ത്യത്തിന് കാരണമായത്. ഹർജിക്കാരനു വേണ്ടി അഡ്വ. ആർ.കെ. ജയലക്ഷ്മിയും, പൊല്യൂഷൻ കൺട്രോൾ ബോർഡിനു വേണ്ടി ടി. നവീനും, കോർപ്പറേഷനു വേണ്ടി എം. മീനാ ജോണും കോടതിയിൽ ഹാജരായി.

ഇന്ത്യാ-പാക് യുദ്ധകാലത്തെ ഓർമ്മ:

1965-ൽ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്ത് ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകാനാണ് കണ്ണൂരിൽ ആദ്യമായി സൈറൺ മുഴക്കാൻ തുടങ്ങിയത്. പിന്നീട് യുദ്ധം കഴിഞ്ഞെങ്കിലും, രാവിലെ 6-നും ഉച്ചയ്ക്ക് 1-നും വൈകീട്ട് 6-നും സമയം അറിയിച്ചുകൊണ്ട് അത് കണ്ണൂരുകാരുടെ ദിനചര്യയുടെ ഭാഗമായി മാറുകയായിരുന്നു.

കോടതി കയറിയ സൈറൺ:

സൈറൺ ശബ്ദം അനുവദനീയ പരിധിക്ക് അപ്പുറമാണെന്ന് കാണിച്ച് 2025 ആഗസ്റ്റ് 11-ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സൈറൺ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് 2025 സെപ്റ്റംബർ 9-ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ വിവരങ്ങൾ വിവരാവകാശ രേഖ വഴി ശേഖരിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

അപ്പീൽ നൽകില്ലെന്ന് കോർപ്പറേഷൻ:

സൈറൺ നിർത്താനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കോർപ്പറേഷൻ കൗൺസിലിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മുൻ മേയർമാരായ മുസ്ലീഹ് മഠത്തിൽ, അഡ്വ. ടി.ഒ. മോഹനൻ, ഇപ്പോഴത്തെ മേയർ അഡ്വ. പി. ഇന്ദിര എന്നിവർ അന്ന് കളക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ശബ്ദ തീവ്രത കുറച്ച് പ്രശ്നം പരിഹരിക്കാമെന്ന് കൗൺസിൽ നിലപാടെടുത്തെങ്കിലും ഹൈക്കോടതി ഉത്തരവോടെ ആ സാദ്ധ്യതയും അടഞ്ഞു. തുടർന്ന് സൈറൺ വിഷയത്തിൽ ഇനി അപ്പീൽ നൽകേണ്ടതില്ലെന്ന് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!