അഴീക്കോട് ഇനി ഫ്രഷ് മത്സ്യം വീട്ടുപടിക്കൽ; ‘അന്തിപ്പച്ച’ സഞ്ചരിക്കുന്ന വിപണന വാഹനത്തിന് തുടക്കമായി

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനി ഗുണമേന്മയുള്ള മത്സ്യം വീട്ടുപടിക്കലെത്തും. മത്സ്യഫെഡിന്റെ സഹകരണത്തോടെ കെ.വി. സുമേഷ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച ‘അന്തിപ്പച്ച’ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് എം.എൽ.എ നിർവഹിച്ചു. റിട്ട. അധ്യാപിക എസ്. ഗീതയ്ക്ക് നൽകി എം.എൽ.എ ആദ്യ വിൽപന നടത്തി.
പ്രത്യേകതകൾ:
ജില്ലയിലെ വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന മത്സ്യങ്ങൾ മത്സ്യഫെഡ് ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയിട്ടുള്ള ബേസ് സ്റ്റേഷനിലെത്തിക്കും. അവിടെ നിന്നും നേരിട്ട് സംഭരിക്കുന്ന വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങളാണ് ‘അന്തിപ്പച്ച’യിലൂടെ വിപണനം നടത്തുക.
കടൽ, കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്റ് ഫ്രീസിങ്ങ് പ്ലാന്റിൽ ഉല്‌പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. ചെമ്മീൻ, ചൂര അച്ചാറുകൾ, കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തി പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയവയും അന്തിപ്പച്ചയിലൂടെ വാങ്ങാം.
ചടങ്ങിൽ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ അനൂപ് ബാലൻ, മത്സ്യഫെഡ് ഭരണസമിതി അംഗം വി.കെ. മോഹൻദാസ്, മത്സ്യഫെഡ് മാനേജർ വി. രജിത, ഫെറ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി. മുരളികൃഷ്ണൻ, ഇടച്ചേരി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയംങ്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.







