July 13, 2025

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി വെള്ളിയാഴ്ച

img_6800-1.jpg


സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി നാടിന്റെ മുന്നേറ്റവും വികസനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടി മെയ് ഒമ്പത് വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. 
ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രാവര്‍ത്തികമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം വ്യക്തികളുമായി മുഖ്യമന്ത്രി സംസാരിക്കും. 

എന്റെ കേരളം: വെള്ളിയാഴ്ച വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എംഡബ്ല്യുപിഎസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡിഐഎസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. 
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന്‍ കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger