ലോകകപ്പ് ഫുട്‌ബോളിൽ ചരിത്രമെഴുതാൻ തലശ്ശേരിക്കാരൻ; ഖത്തർ ടീമിൽ ഇടംനേടി മലയാളി താരം തഹ്‌സീൻ മുഹമ്മദ്

Screenshot
ദോഹ: കാൽപന്ത് കളിയുടെ മാമാങ്കത്തിന് ആവേശത്തോടെ കാത്തിരിക്കുന്ന മലയാളി ഫുട്‌ബോൾ ആരാധകർക്ക് അഭിമാനിക്കാൻ ഇതാ ഒരു സുവർണ്ണ നേട്ടം. ജൂൺ 11-ന് ആരംഭിക്കുന്ന 2026 ഫിഫ ലോകകപ്പിൽ കളിക്കുന്ന ഖത്തർ ദേശീയ ടീമിൽ മലയാളി സാന്നിധ്യമായി കണ്ണൂർ തലശ്ശേരി സ്വദേശി തഹ്‌സീൻ മുഹമ്മദ്. കഴിഞ്ഞ ദിവസം ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ച 26 അംഗ ഔദ്യോഗിക സ്‌ക്വാഡിൽ ഈ 19-കാരൻ ഇടംപിടിച്ചതോടെ, ഫിഫ ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് തഹ്‌സീൻ സ്വന്തമാക്കിയത്.
ഫുട്ബോൾ പാരമ്പര്യമുള്ള കുടുംബം
ഖത്തറിൽ പ്രവാസിയായ തലശ്ശേരി സ്വദേശി ജംഷീദിന്റെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സീൻ. പിതാവ് ജംഷീദിൽ നിന്നാണ് തഹ്സീന് ഫുട്ബോളിന്റെ പാരമ്പര്യം ലഭിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ചിട്ടുള്ള ജംഷീദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ഉപനായകനുമായിരുന്നു. ഇന്ത്യൻ യൂത്ത് ടീം ക്യാമ്പ് വരെ എത്തിയെങ്കിലും പരിക്കുമൂലം കളംവിട്ട് പിന്നീട് ഖത്തറിലേക്ക് ചേക്കേറുകയായിരുന്നു. അതുകൊണ്ടുതന്നെ തഹ്‌സീൻ വളർന്നതും പഠിച്ചതും ഖത്തറിലാണ്.
അസ്പയർ അക്കാദമി മുതൽ ലോകകപ്പ് വരെ
ഏഷ്യയിലെ തന്നെ മികച്ച ഫുട്‌ബോൾ അക്കാദമിയായ അസ്പയർ അക്കാദമിയിലൂടെയാണ് തഹ്‌സീൻ കരിയർ ആരംഭിച്ചത്. 2021-ൽ ഖത്തറിന്റെ അണ്ടർ-16 ടീമിൽ ഇടംപിടിച്ചു. പിന്നീട് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലെത്തിയ താരം, സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി.
ഖത്തറിന്റെ അണ്ടർ-17, 19 ടീമുകൾക്കായി പന്തുതട്ടിയ ഈ ലെഫ്റ്റ് വിങ്ങർ, 2024 മാർച്ചിൽ അൽ ദുഹൈലിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിൽ ദേശീയ സീനിയർ ടീമിലും അരങ്ങേറി. സ്പാനിഷ് കോച്ച് യൂലൻ ലോപറ്റെഗുയിയുടെ കീഴിൽ പ്രഖ്യാപിച്ച 35 അംഗ സാധ്യതാ ടീമിലും, പിന്നീട് 28 അംഗ ടീമിലും ഇടംനേടിയ തഹ്സീൻ, അയർലാൻഡിനെതിരെയുള്ള സന്നാഹ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് 26 അംഗ അന്തിമ ലോകകപ്പ് സ്‌ക്വാഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.







